Tag: petrol

ഇന്ധനവിലയുടെ നികുതിയില്‍ ഇളവ്: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുറയും

സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം.  ഇന്ധനവിലയ്ക്കു മുകളില്‍ ഏര്‍പ്പെടുത്തിയ അധികനികുതി എടുത്തു കളയാനാണ് മന്ത്രി സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ നികുതി എത്ര കുറയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതി കുറച്ച് പുതിയ ഇന്ധന വില ജൂണ്‍ ഒന്നിനു നിലവില്‍ വരും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. പെട്രോളിന് 32.02 ശതമാനം (19.22 രൂപ), ഡീസലിന് 25.58 ശതമാനം (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.

തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവിലയില്‍ വർധനവ്

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില എൺപതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാൻ കാരണം. നാലു വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡോയിൽ വില. കൊച്ചിയിൽ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.

പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല: തോമസ്‌ ഐസക്

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെയ്ക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നു ധനമന്ത്രി തോമസ്‌ ഐസക്. നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയത്തിന്‍റെ ഭാഗമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്നു വെക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് എണ്ണവില വര്‍ധിച്ചപ്പോള്‍ നികുതി വരുമാനം വേണ്ടെന്നു വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രതിപക്ഷത്തിന്‍റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. മാത്രമല്ല അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തുമില്ല. ... Read more