Kerala

കാട് വിളിക്കുന്നു കേരളവും…

മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്.


പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു.

വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ തന്നെയാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരയെുള്ള സ്ഥലങ്ങളില്‍ പച്ചപ്പിന്റെ ഒരു കുട തന്നെ കാടുകള്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിനെ മരതക വര്‍ണ്ണമായി മാറ്റിയ കാടുകളെ അറിയാം

സൈലന്റ് വാലി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കാടുകള്‍ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന ചീവിടുകള്‍ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ താഴ്വര അഥവാ സൈലന്റ് വാലി എന്നറിയപ്പെടുന്നതെന്ന് ഒരു വാദമുണ്ട്. 1914 ല്‍ മദ്രാസ് സര്‍ക്കാരിന്റെ കാലത്താണ് ഇവിടം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. പുരാണങ്ങളും ഐതിഹ്യങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം പാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട കഥകള്‍ക്കാണ് കൂടുതല്‍ പ്രശസ്തമായിരിക്കുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരുപോലെ പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാാണ് ഇത്. 89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സൈലന്റ് വാലി നീലഗിരി പീഠഭൂമിയുടെ ഭാഗമായാണ് കിടക്കുന്നത്.

അരിപ്പ


തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വനമേഖലകളിലൊന്നാണ് അരിപ്പ. തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയില്‍ 52 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പ്രാദേശികമായി അരിപ്പ അമ്മയമ്പലം പച്ച എന്ന പേരിലാണ് അറിയപ്പെടുന്നത്. ആയിരം ഹൈക്ടര്‍ വിസ്തൃതിയിലുള്ള ഈ വനം അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍കൊണ്ട് സമ്പന്നമാണ്.

ഗവി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാടുകളിലൊന്നാണ് പത്തനംതിട്ട ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്നും 3400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗവി. നിത്യഹരിത വനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഗ്രാമങ്ങളാണ് ഗവിയുടെ പ്രത്യേകത. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നത്. നിത്യഹരിത വനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ പ്രധാന കാഴ്ചകള്‍ വന്യജീവികള്‍ തന്നെയാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകളോളം ദൂരം നടക്കുക, വന്യജീവികളെ തൊട്ടടുത്തു നിന്നും കാണുക, ട്രക്കിങ്ങ്, രാത്രികാലങ്ങളിലെ ക്യാംപിങ്, ബോട്ടിങ്, ജംഗിള്‍ സഫാരി തുടങ്ങിയവയാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍. നിത്യഹരിത വനങ്ങളുടെ ഒരു തുരുത്തുതന്നെയായ ഇവിടെ പക്ഷെ, മനുഷ്യന്റെ ഇടപെടലുകള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളുണ്ട്. നിശ്ചിത എണ്ണം യാത്രക്കാര്‍ക്കു മാത്രമേ ഇവിടെ ഒരു ദിവസം പ്രവേശിക്കുവാനാവൂ. കൊല്ലം- മധുര ദേശീയ പാതയില്‍ (എന്‍.എച്ച് 220) ഉള്ള വണ്ടിപ്പെരിയാറില്‍ നിന്നും 28 കി.മി.അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്.

ജാനകിക്കാട്


കോഴിക്കോട് കുറ്റ്യാടിക്കു സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാടുകളിലൊന്നാണ് ജാനകിക്കാട്. 113 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഈ കാട് കുറ്റ്യാടി പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എക്കോ ടൂറിസം പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

കോന്നി


കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനമാണ് കോന്നി. 1888 ഒക്ടോബര്‍ ഒന്‍പതിനാണ് തിരുവിതാംകൂര്‍ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിലനില്‍ക്കുന്ന ഒരിടമാണ്. സഞ്ചാരികള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടെ സാഹസികര്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന അപൂര്‍വ്വ ഇടെ കൂടിയാണിത്. പത്തനംതിട്ട ജില്ലയിലെ ഏറെ പ്രശസ്തമായ ഇക്കോ-ടൂറിസം പദ്ധതിയാണ് കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതി. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്ര ഒരുക്കിയിയത്. കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കല്ലാര്‍ നദിയിലൂടെ കുട്ടവഞ്ചിയാത്രയുള്ളത്. അച്ചന്‍കോവിലാറിന്റെ കൈവഴിയാണ് കല്ലാര്‍. ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങമൂഴിയാണ് കൊട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്ന അടുത്ത സ്ഥലം. ഗവിയിലേക്കുള്ള വഴിയിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിട്ടുള്ളതിനാല്‍ സഞ്ചാരികളെ ഇതേറെ ആകര്‍ഷിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ആങ്ങമൂഴി.