Kerala

ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല

ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം.

നാടിന്റെ പരിസ്ഥിതിയേയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം.

സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങളില്‍ ഊന്നിയുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. പെരിങ്ങമ്മല പഞ്ചായത്തിന് വളരെ വലിയ പ്രാദേശിക വരുമാനം ലഭിക്കുന്നതാണ് പദ്ധതി. നാട്ടിലെ പരമ്പരാഗത തൊഴിലുകളെയും ഉത്സവങ്ങളെയും ആഘോഷങ്ങളെയും പാക്കേജുകളാക്കി അനുഭവേദ്യ ടൂറിസം പാക്കേജുകളെന്ന പുതിയ സെക്ടറിനാണ് ഉത്തരവാദിത്ത ടൂറിസം നേതൃത്വം നല്‍കുന്നത്.