Kerala

മഴ കണ്ട് മണ്‍സൂണ്‍ യാത്രക്ക് കേരളം

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. മഴക്കാലമായാല്‍ യാത്രകളോട് ഗുഡ് ബൈ പറയുന്ന കാലമൊക്കെ കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കേരളം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഴക്കാലത്താണ്.

ആര്‍ത്തലച്ചു കുതിച്ചുപായുന്ന പുഴകള്‍, പാറക്കെട്ടില്‍ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്  മഴയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് കഴിഞ്ഞ സീസണ്‍ സമ്പന്നമാക്കിയത്. ഇക്കുറിയും അതിനു മാറ്റം ഉണ്ടാകില്ല.

മഴക്കാലം പൊതുവേ ടൂിസം മേഖലയിലെ ഓഫ് സീസണ്‍ എന്നാണ് അറിയയപ്പെടുന്നത്. എന്നാല്‍ ഈ സീസണ്‍ തിരഞ്ഞെടുക്കുന്ന കൂടുതല്‍ സഞ്ചാരികള്‍ ഹോം സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്.

പ്രിയമേറുന്ന ഹോം സ്റ്റേ

കേരളത്തനിമയുള്ള ഹോം സ്റ്റേകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നിരവധി വിദേശ സഞ്ചാരികള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നു ലഭിക്കാത്ത വ്യത്യസ്തമായ അനുഭവമാണ് ഹോം സ്റ്റേകള്‍ നല്‍കുന്നത്.ഇപ്പോള്‍ മഴയാണു താരം. മഴക്കാല മീന്‍പിടിത്തവും മഴനനയലും മഴക്കാഴ്ചകളും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ഹോം സ്റ്റേകള്‍.

ഒരു രാത്രിയും രണ്ടു പകലുമാണ് സാധാരണ ഹോം സ്റ്റേകള്‍ വിനോദ സഞ്ചാരികള്‍ ബുക്കു ചെയ്യുന്നത്. കുറഞ്ഞ ചെലവും ഹൃദ്യമായ പെരുമാറ്റവും കാരണം ഇതു രണ്ടോ മൂന്നോ രാത്രികളായി മാറും.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് അതിഥികള്‍ക്കും. ചില സഞ്ചാരികള്‍ പാചകം ചെയ്യാനും കൂടും. സ്റ്റാര്‍ ഹോട്ടലുകളില്‍ കിട്ടാത്ത നാടിന്റെ തനതു രുചി ആസ്വദിക്കുവാന്‍ മാത്രമായി ഹോം സ്റ്റേകളെ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. സ്ഥിരമായി ഒരേ ഹോം സ്റ്റേയിലേക്ക് എത്തുന്ന വിദേശികള്‍ കുറവല്ല.

പച്ചപുതച്ച കേരളമാണ് ലോകത്തിനു പ്രിയങ്കരം. മഴയുടെ വരവോടെയാണ് കേരളത്തിന്റെ യഥാര്‍ഥ പച്ചപ്പ് ദൃശ്യമാവുക. പച്ചയില്ലാത്ത ഇടവഴി പോലും ഉണ്ടാവില്ല. പല വെള്ളച്ചാട്ടങ്ങളും സജീവമാകുന്നതു മഴക്കാലത്താണ്.

കേരളത്തെ അതീവ സുന്ദരിയായി കാണണമെങ്കില്‍ മഴക്കാലത്തു തന്നെ വരണമെന്ന് അറിയാവുന്ന ഏതൊരു സഞ്ചാരിയും ഈ സീസണില്‍ കേരളത്തിലേക്കു യാത്ര ചെയ്യാന്‍ മടിക്കില്ല.