News

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണനയില്‍

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്കു കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. കൂടാതെ തമിഴ്നാടിന്‍റെ തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താംബരം–ചെങ്കോട്ട–കൊല്ലം റൂട്ടിൽ ഏപ്രിൽ മുതൽ ആരംഭിച്ച പ്രത്യേക സർവീസുകൾ വിജയമായതോടെ ഈ റൂട്ടിൽ സ്ഥിരം സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ കൊല്ലത്തുനിന്നു ട്രെയിനുകൾ പ്രഖ്യാപിച്ചാലും അവ എഗ്‌മൂർ വരെ നീട്ടാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ചാണ് താംബരത്തെ മൂന്നാം ടെർമിനലായി ഉയർത്തിയത്. തെക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ളതിനാൽ ഇതിനുള്ള സാധ്യതയില്ല. വർക്കല ശിവഗിരി, വേളാങ്കണ്ണി എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി താംബരം–കൊല്ലം പാതയെ തീർഥാടന പാതയായി ഉയർത്തുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം.

ശബരിമലയിലേക്കുള്ള പ്രധാന പാതയായും ഇതിനെ മാറ്റിയേക്കും. ചെങ്കോട്ട–കൊല്ലം പാതയെ തെൻമലയിലേക്കുള്ള വിനോദ സഞ്ചാര പാതയായി ഉയർത്തിയാൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. 360 ഡിഗ്രി കാഴ്ച ഒരുക്കുന്ന വിസ്റ്റാഡം കോച്ചുകൾ ഉൾപ്പെടുത്തി റൂട്ടിൽ പ്രത്യേക ട്രെയിൻ ഓടിക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. താംബരം–പുനലൂർ–കൊല്ലം, തിരുനെൽവേലി–ചെങ്കോട്ട–പുനലൂർ, ചെങ്കോട്ട–കൊല്ലം–കൊച്ചുവേളി, തൂത്തുക്കുടി–കൊല്ലം, കൊച്ചുവേളി–കൊല്ലം–ചെങ്കോട്ട–വേളാങ്കണ്ണി എന്നീ റൂട്ടുകളിൽ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും. ചരക്കു ഗതാഗതത്തിനും പാത ഉപയോഗപ്പെടുത്തിയേക്കും.

ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളായ ചെന്നൈയ്ക്കും തിരുവനന്തപുരത്തിനും ഇടയിലെ ഏറ്റവും ദൂരം കുറഞ്ഞ റെയിൽ പാതയെന്ന പ്രത്യേകതയും ഈ റൂട്ടിനുണ്ട്. അതേസമയം, കൊല്ലം–ചെങ്കോട്ട പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ ഒമ്പതിനു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയിൻ നിർവഹിക്കും. ഉദ്ഘാടനത്തിനു ശേഷം താംബരം റൂട്ടിൽ സ്ഥിരം ട്രെയിനുകൾ പ്രഖ്യാപിക്കും.