Trade News

ആയുര്‍വേദം,യോഗ,ആരോഗ്യടൂറിസം, വിവാഹകേന്ദ്രം…കേരളത്തിന്‍റെ ടൂറിസം ഭാവി ഇവയിലെന്ന് ഫിക്കി

കേരളത്തിന്‍റെ വിനോദ സഞ്ചാര രംഗം ശ്രദ്ധയൂന്നേണ്ട മേഖലകളെക്കുറിച്ച് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇന്ത്യയിലേക്കുള്ള സഞ്ചാരം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള ടൂറിസത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്.
മെഡിക്കല്‍ ടൂറിസത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ആയുര്‍വേദത്തിന്റെയും യോഗയുടെയും ജന്മസ്ഥലമെന്ന നിലയില്‍ കേരളത്തെ പ്രോത്സാഹിപ്പിക്കണം.മാത്രമല്ല പശ്ചിമഘട്ടത്തിലെ സസ്യങ്ങളാലും കേരളം അനുഗ്രഹീതമാണ്.രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയ്നില്‍ പെടുത്തി കേരളത്തിന്‍റെ ആയുര്‍വേദ-യോഗാ പെരുമ പ്രചരണങ്ങള്‍ക്ക് തുടക്കമിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മനോഹര പ്രകൃതിഭംഗിയുള്ള കേരളം ശ്രദ്ധയൂന്നേണ്ട മറ്റൊരു രംഗം വിവാഹ ടൂറിസത്തിലാണ്. മികച്ച വിവാഹ കേന്ദ്രം കേരളം എന്ന നിലയില്‍ പ്രചരണം സംഘടിപ്പിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം മേഖലകള്‍ സമ്മേളന(മൈസ്)ടൂറിസം, ആത്മീയ ടൂറിസം,മെഡിക്കല്‍ ടൂറിസം എന്നിവയാണ്. മെഡിക്കല്‍, ആരോഗ്യ ടൂറിസം വളര്‍ച്ചക്ക് ദേശീയ തലത്തില്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ആയുഷ് മന്ത്രാലയത്തെ കൂടുതല്‍ സ്വതന്ത്രമാക്കണം. മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യയിലേക്ക്‌ വരുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. വിനോദ സഞ്ചാര രംഗം ഇനി ശ്രദ്ധിക്കേണ്ടത് ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിലും, സഞ്ചാര പാതകളുടെ കാര്യത്തിലും, സാങ്കേതിക വിദ്യയിലുമാകണമെന്നും ഫിക്കി റിപ്പോര്‍ട്ട് പറയുന്നു