News

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

തിങ്കളാഴ്ച്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ തുടര്‍ന്നും  ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും  ജനതാദള്‍ നേതാവ് സലിം മടവൂരിന്റെ പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു.

വ്യാജ പ്രചരണങ്ങളില്‍ക്കൂടി നടക്കുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമെ കേരളത്തിന്റെ വരുമാന സ്രോതസ്സായ ടൂറിസത്തെയും ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരികളെ അകറ്റുകയും വളര്‍ച്ചയുടെ പാതയില്‍ നില്‍ക്കുന്ന വിനോദ സഞ്ചാര മേഖലെയെ ഇവ ബാധിക്കുകയും ചെയ്യുമെന്നും മന്ത്രി മൂന്നാര്‍ ടൂറിസം സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ വിപരീത ഫലത്തിലാണ് രേഖപെടുത്തുന്നത്. സഞ്ചാരികള്‍ അകലുന്നത് വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തദ്ദേശവാസികള്‍  മുന്‍കൈയെടുക്കണമെന്നും  മന്ത്രി പറഞ്ഞു.