Kerala

പൊതുപണിമുടക്ക്‌ തുടങ്ങി

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

പണിമുടക്കുന്ന തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാർച്ച്. ഞായറാഴ്ച വൈകിട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.