Aviation

സൗദി വഴി ഇസ്രായേലിലേക്ക് വിമാനം:പരാതിയുമായി വിമാനക്കമ്പനി

സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സര്‍വീസിനെതിരെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു.

എയര്‍ ഇന്ത്യ, ഇസ്രയേല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗതമന്ത്രി ഇസ്രയേല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്.


എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്രയേല്‍ സര്‍ക്കാരിന്റേത്.ഇതിലൂടെ അവരുടെതന്നെ ദേശീയ വ്യോമയാന സര്‍വീസിനോടുള്ള ഉത്തരവാദിത്വം ഇസ്രയേല്‍ ലംഘിക്കുകയാണെന്ന് ഇസ്രയേല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. ഗൊനെന്‍ യൂസിഷ്‌കിന്‍ പറഞ്ഞു.

മാര്‍ച്ച് 22-നാണ് സൗദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നടത്തിയത്. ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്.

ഇസ്രയേലിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറിലേറെ ലാഭിക്കാന്‍ കഴിയുന്നതാണ് സൗദിവഴിയുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ്.എയര്‍ ഇന്ത്യയുടെ സര്‍വീസ് കൂടുതല്‍ ജനപ്രിയമായാല്‍ തങ്ങള്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാകുമെന്നാണ് ഇസ്രയേല്‍ എയര്‍ലൈന്‍സ് ഭയക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.