Kerala

അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കുമെന്ന് കേരളം

വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്. ടൂറിസം മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, മറ്റ് ലൈസന്‍സിംഗ് സംവിധാനവും, ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷിക്കുന്നതിനും ടൂറിസം റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്
.
2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017ല്‍ കേരളത്തില്‍ എത്തിയത്. 2016ല്‍ ഇത് 1.31 കോടിയായിരുന്നു. 2017ല്‍ ടൂറിസത്തില്‍ നിന്ന് 33,383 കോടിയാണ് കേരളത്തിന് ലഭിച്ചത്. 2016ലെക്കാളും 11.15 കൂടുതലാണ് ഇത്, അന്ന് 29,658കോടിയായിരുന്നു ലഭിച്ചത്.

പത്ത് ശതമാനമാണ് ടൂറിസം 2017ല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്. അടുത്ത അഞ്ച് വര്‍ഷം ടൂറിസം ഇരട്ടിയാകുമ്പോള്‍ ജിഡിപിയിലേക്കുള്ള സംഭാവന 15 മുതല്‍ 20ശതമാനം വരെയാകുമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന് 2017ല്‍ ടൂറിസത്തില്‍ നിന്ന് 88,832 കോടി വിദേശ നാണയമാണ് ലഭിച്ചത്.