Kerala

വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ വിവിധ സ്റ്റേക്ക് ഹോൾഡർമാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് കേരളം വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികളിൽ അഞ്ചിൽ ഒരാൾ കേരളം കണ്ടാണ് മടങ്ങുന്നത്. അതു കൊണ്ട് തന്നെ വിനോദ സഞ്ചാര മേഖലയെ പരമ പ്രധാനമായാണ് സർക്കാർ കാണുന്നത്.  വിദേശ സഞ്ചാരികൾക്കൊപ്പം തദ്ദേശസഞ്ചാരികളേയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നയം. ഉത്തരവാദിത്വ ടൂറിസം പദ്ധതി ടൂറിസം മേഖലയിൽ വലിയ മാറ്റത്തിന് കാരണം ആയിട്ടുണ്ട്.
നാട്ടുക്കാർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ടൂറിസത്തെ ജനകീയവത്കരിച്ചു. ടൂറിസം രംഗത്തെ മാന്ദ്യത മാറ്റാനായി. നമ്മുടെ അടുത്തെത്തുന്ന വിനോദ സഞ്ചാരികളോട് മാന്യമായി ഇടപെടാൻ എല്ലാവരും ശ്രമിച്ചാൽ സംസ്ഥാനത്ത് കൂടുതൽ  സഞ്ചാരികളെ എത്തിക്കാൻ  കഴിയുമെന്നും  മന്ത്രി പറഞ്ഞു
മാർച്ച് മാസത്തിൽ ആരംഭിക്കുന്ന ആദ്യഘട്ട പരിശീലന പരിപാടിയിൽ ഓട്ടോ / ടാക്സി ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ, ഹോം സ്റ്റേ ഓപ്പറേറ്റേഴ്സ്, ഹൗസ് ബോട്ട് തൊഴിലാളികൾ തദ്ദേശവാസികൾ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ചടങ്ങിൽ ഹുണർസേ റോസ്ഗാർ തക് പദ്ധതി പ്രകാരം കിറ്റ്സ് നടത്തിയ വിവിധ കോഴ്സിലൂടെ മികച്ച ജോലി ലഭിച്ചവരെ മന്ത്രി അനുമോദിച്ചു
 ചടങ്ങിൽ ടൂറിസം ഫെഡറേഷൻ ചെയർമാൻ സി.അജയകുമാർ,ജോസ് കുട്ടി ജോസഫ്, ഡി. സോമൻ, ഡോ.ബി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.