Kerala

സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോളടിക്കാം

ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്.

വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച രൂപരേഖ ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്. ജയിലിലെ തടവുകാരായിരിക്കും പെട്രോള്‍ പമ്പിലെ ജീവനക്കാര്‍. ജീവനക്കാര്‍ക്ക് വിറ്റഴിയുന്ന പെട്രോളിന് രണ്ടു ലിറ്ററിന് രണ്ടു രൂപ എന്ന രീതിയിലാണു വേതനം. ആന്ധ്രപ്രദേശ് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

ജയിലിനു പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ലനടപ്പുള്ള തടവുകാരെ മാത്രമാണ് പെട്രോള്‍പമ്പില്‍ ജീവനക്കാരായി നിയമിക്കുക. 13 മുതല്‍ 15 വരെ തടവുകാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍. തുടക്കത്തില്‍ പകല്‍സമയം മാത്രമായിരിക്കും പ്രവര്‍ത്തനം.

ആഭ്യന്തര വകുപ്പിന്‍റെ അനുമതി ലഭിച്ചെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി, പി.ഡബ്ല്യൂ.ഡി വകുപ്പുകളുടെ അനുമതി ലഭിക്കാനുണ്ട്. പാമ്പുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു റവന്യൂ വകുപ്പിന്‍റെ അനുമതി ലഭിച്ചാല്‍ നിര്‍മാണം തുടങ്ങും.