Kerala

യാത്രാനിരക്ക് കൂട്ടി കെ എസ് ആര്‍ ടി സി ആഡംബര ബസുകള്‍


വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം.

ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. കിലോമീറ്ററിനുള്ള നിരക്ക് 1.50 രൂപയായി തുടരും  ഇതോടൊപ്പം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്സില്‍ സ്‌കാനിയ വോള്‍േവാ ബസുകളുടെ നിരക്കും കൂട്ടി. 80 രൂപയാണ് ഇനി മിനിമം നിരക്ക്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് രണ്ടാക്കി ഉയര്‍ത്തി.

സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 28 രൂപയാക്കി. നിലവില്‍ 25 ആയിരുന്നു. മിനിമം ചാര്‍ജില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ ചാര്‍ജ് 85 പൈസയില്‍നിന്ന് 93 പൈസയായി ഉയര്‍ത്തി.