കൊട്ടാരക്കെട്ടുകളുടെ അനന്തപുരി
വെബ് ഡെസ്ക്
കേരള തലസ്ഥാനമായ തിരുവനന്തപുരം കൊട്ടാരങ്ങളുടെ നഗരിയാണ്. നിരവധി കൊട്ടാരക്കെട്ടുകൾ തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്നു. കൊട്ടാരം നിറഞ്ഞ രാജവീഥികളിലൂടെ ടൂറിസം ന്യൂസ് ലൈവിന്റെ യാത്ര .
അനന്തപുരി അതിശയങ്ങളുടെ നഗരം കൂടിയാണ്. രാജവാഴ്ചയുടെ തിരുശേഷിപ്പുമായി തലയുയർത്തി നിൽക്കുന്ന നിരവധി കൊട്ടാരങ്ങൾ തിരുവനന്തപുരത്തുണ്ട്. പുതുകാല നിർമിതികൾക്ക് നഗരം വേഗം വഴിമാറുന്നെങ്കിലും അത്ര വേഗം പുതുമക്ക് വഴങ്ങാതെ ചരിത്രത്തിന്റെ ശേഷിപ്പുകളും നേർസാക്ഷ്യങ്ങളുമായി നിലനിൽക്കുകയാണ് തിരുവനന്തപുരത്തെ കൊട്ടാരങ്ങൾ.
ഈ വഴികളിലൂടെയാണ് രാജാക്കന്മാർ പടയോട്ടം നടത്തിയത്. കുതിരകൾ കുളമ്പടിയൊച്ച മുഴക്കി കുതിച്ചു പാഞ്ഞത്. ഈ കൊട്ടാരക്കെട്ടുകളിലാണ് സ്വാതി തിരുന്നാളും ഇരയിമ്മൻ തമ്പിയും ഷഡ്കാല ഗോവിന്ദ മാരാരും സംഗീത മധുരം പകർന്നത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മ തീർഥക്കരയിൽ നിന്നേ തുടങ്ങുന്നു തിരുവനന്തപുരത്തെ കൊട്ടാരക്കാഴ്ചകൾ . ക്ഷേത്രത്തിനു ചുറ്റും ചെറുതും വലുതുമായ 20 കൊട്ടാരങ്ങൾ . പദ്മ തീർഥ കരയിലെ വലിയ കൊട്ടാരത്തിലായിരുന്നു മാർത്താണ്ഡ വർമയുടെ താമസം. തൊട്ടു മുന്നിൽ ധർമരാജാവ് താമസിച്ചിരുന്ന കരുവേലപ്പുര മാളിക .ഈ മാളികയിലാണ് മേത്തൻ മണിയെന്ന നാഴികമണി. സ്വാതി തിരുന്നാളിന്റെ കാലത്താണ് ഇത് സ്ഥാപിച്ചത്.
കുഴിമാളികയും കുതിര മാളികയും
സ്വാതി തിരുന്നാളിന്റെ കുട്ടിക്കാലം പദ്മ തീർഥക്കരയിലെ വലിയ കൊട്ടാരത്തിലുള്ള കുഴി മാളികയിലായിരുന്നു . രാജാവായതോടെ കുതിരമാളികയിലേക്കു താമസം മാറ്റി. മേൽക്കൂരയെ ഭിത്തിയുമായി ബന്ധിപ്പിക്കാൻ കുതിരയുടെ മാതൃകയിലുള്ള ദാരുഖണ്ഡങ്ങൾ ഉപയോഗിച്ചതിനാലാണ് കുതിരമാളിക എന്ന പേര് വന്നത്. ഇവിടെ ഇരുന്നാണ് സ്വാതി തിരുന്നാൾ കീർത്തനങ്ങൾ രചിച്ചത് .
കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള കാഴ്ചബംഗ്ലാവു കൂടിയാണ് കുതിരമാളിക. ചാരുതയാര്‍ന്ന വാസ്തുശൈലിയില്‍ നിര്‍മ്മിതമായ ഈ ഇരുനിലസൗധത്തിനു മുന്നിലെ നവരാത്രിമണ്ഡപം സംഗീതകച്ചേരികള്‍ക്കുള്ള സ്ഥിരം വേദിയാണ്. ജനുവരി 6 മുതൽ 12 വരെ നടക്കുന്ന സ്വാതി സംഗീതോത്സവമാണ് ഇതിൽ പ്രധാനം. ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപത്തില്‍ മികച്ച ശബ്ദ വിന്യാസത്തിനായി മേല്‍ത്തട്ടില്‍ നിന്ന് അന്‍പതു മണ്‍കുടങ്ങള്‍ കമഴ്ത്തി തൂക്കിയിട്ടിരിക്കുന്നു .
കുതിരമാളികയിൽ ഇപ്പോൾ പുരാവസ്തു വകുപ്പിൻറെ മ്യൂസിയമുണ്ട്. രാജഭരണകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ,ചിത്രങ്ങൾ , അക്കാലത്തെ ശിൽപ്പങ്ങൾ, ആയുധങ്ങൾ എന്നിവ കുതിരമാളികയിലുണ്ട്.
കനകക്കുന്ന് കൊട്ടാരം
ശ്രീമൂലം തിരുനാളാണ് കനകക്കുന്ന് കൊട്ടാരം നിർമ്മിച്ചത് . യുവ രാജാക്കന്മാർക്കു താമസിക്കാൻ ഇടമെന്ന നിലയിൽ നിർമിച്ച ഈ കൊട്ടാരം പിന്നീട് വിദേശികള്‍ക്ക് വിരുന്നൊരുക്കാന്‍ ഉപയോഗിച്ചു. ചിത്തിര തിരുനാളിന്റെ കാലത്ത് കൊട്ടാരവളപ്പില്‍ ടെന്നീസ് കോര്‍ട്ടുകള്‍ നിര്‍മിച്ചു. രാജഭരണം അവസാനിച്ചതോടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഈ കൊട്ടാരം ഏറ്റെടുത്തു. കനകക്കുന്ന് കൊട്ടാര പരിസരത്താണ് ‘നിശാഗന്ധി’ ഓഡിറ്റോറിയം . തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ പ്രധാന വേദിയാണ് ‘നിശാഗന്ധി’. പുഷ്പമേള, ഓണം വാരാഘോഷം എന്നിവയുടെ മുഖ്യകേന്ദ്രം കനകക്കുന്ന് കൊട്ടാര പരിസരമാണ് .
കവടിയാർ കൊട്ടാരം
1924 ൽ മൂലം തിരുന്നാളാണ് കവടിയാർ കൊട്ടാരം നിർമ്മിച്ചത് . സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരമുള്ള കുന്നിൻപുറത്ത് നൂറ് ഏക്കറിലാണ് കൊട്ടാരം. മൂന്നു നിലകളിലായി 106 മുറികൾ .രാജ കുടുംബാഗങ്ങൾ താമസിക്കുന്ന ഇവിടേയ്ക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാവില്ല .
മറ്റു കൊട്ടാരങ്ങൾ
ശ്രീമൂലം തിരുനാൾ താമസിച്ചിരുന്ന കൃഷ്ണ വിലാസം , അനന്തവിലാസം, രംഗ വിലാസം, ഭജനപ്പുര മാളിക , യൂറോപ്യൻ ശൈലിയിൽ നിർമിച്ച ശ്രീപാദം കൊട്ടാരം , സുന്ദരവിലാസം, ഉമയമ്മ റാണിയും വീര കേരളവര്‍മയും താമസിച്ചിരുന്ന വലിയ കോയിക്കൽ ചിത്തിര തിരുനാൾ ജനിച്ച ആറ്റിങ്ങൽ കൊട്ടാരം, ഇടത്താവളമായിരുന്ന നെയ്യാറ്റിൻകര കൊട്ടാരം , ശംഖുമുഖത്തെ തൂണില്ലാ കൊട്ടാരം , കാർഷിക സർവ കലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വെള്ളായണി കൊട്ടാരം, വിവാദമായ കോവളം കൊട്ടാരം, വെള്ളയമ്പലം കൊട്ടാരം , മുടവൻമുകൾ കൊട്ടാരം അങ്ങനെ നിരവധി കൊട്ടാരങ്ങൾ തിരുവനന്തപുരത്തുണ്ട് .
കോയിക്കൽ കൊട്ടാരം
15-ാം നൂറ്റാണ്ടിലെ കേരളീയ വാസ്തുശില്പ വിദ്യയില്‍ നാലുകെട്ടിൻറെ ആകൃതിയില്‍ പണിതിട്ടുള്ള അപൂര്‍വ്വം ചില മന്ദിരങ്ങളിലൊന്നാണ് നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം.1677 മുതല്‍ 1689 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉമയമ്മറാണി മുകിലപ്പടയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിലേക്ക് രക്ഷപ്പെട്ടു. പിന്തുടര്ന്ന് എത്തിയ മുകിലപ്പടയെ തോല്‍പ്പിക്കാന്‍ രാജ്ഞി കോട്ടയം കേരളവര്‍മ്മയുടെ സഹായം തേടി. കേരളവര്‍മ്മ മുകിലപ്പടയെ തിരുവട്ടാര്‍ വെച്ചു നടന്ന യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ഉമയമ്മറാണിയെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തെന്നു ചരിത്രത്തില്‍ സൂചനകളുണ്ട് 1992 ൽ പുരാവസ്തു വകുപ്പ് ഇവിടെ മ്യൂസിയം തുടങ്ങി. കേരള ത്തിലെ ആദ്യ നാടൻ കലാ മ്യൂസിയവും നാണയ പഠന കേന്ദ്രവും ഇവിടെയാണ്.രാമകഥാ കഥനത്തിന് ഉപയോഗിച്ചിരുന്ന അപൂര്‍വ്വ വാദ്യോപകരണം, തടിയില്‍ പണിത സാരംഗി എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. കൂടാതെ, പഴയകാലത്തെ ചെമ്പ്, പിത്തള പാത്രങ്ങള്‍, വീട്ടുപകരങ്ങള്‍ എന്നിവയും ഈ പഴമയുടെ കലവറയ്ക്ക് മാറ്റു കൂട്ടുന്നു.
യേശുക്രിസ്തുവിന് സമര്‍പ്പിച്ചതെന്ന് കരുതുന്ന വെനീഷ്യന്‍ നാണയം ഇവിടുത്തെ നാണയ ശേഖരത്തിന്റെ കൌതുകം വര്‍ദ്ധിപ്പിക്കുന്നു. പഴമയുടെ കഥപറയുന്ന നാണയ ശേഖരങ്ങളില്‍ റോമന്‍ നാണയങ്ങളുടെ അപൂര്‍വ ശേഖരം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
രണ്ടു മണിക്കൂറോളം കൊട്ടാരത്തിൽ കാഴ്ചകൾക്കായി ചെലവിടാം .
കിളിമാനൂർ കൊട്ടാരം
ചിത്രകലാ കുലപതി രാജാ രവി വർമയുടെ ജന്മസ്ഥലമാണ് കിളിമാനൂർ കൊട്ടാരം . കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.തിരുവനന്തപുരത്തു നിന്നു 39 കിലോമീറ്റര്‍ അകലെ കിളിമാനൂരില്‍ സ്ഥിതി ചെയ്യുന്ന കിളിമാനൂര്‍ കൊട്ടാരം 15 ഏക്കറില്‍ പരന്നു കിടക്കുന്നു. കേരളീയ ശൈലിയിലുള്ള ചെറുതും വലുതുമായ മന്ദിരങ്ങളും കുളങ്ങളും കിണറുകളും കാവുകളുമെല്ലാം ഇവിടെയുണ്ട്. കൊട്ടാരത്തിന്റെ മുഖ്യകവാടം രാജാ രവിവര്‍മയുടെ ചിത്രശാലയിലേക്കു നയിക്കുന്നു. രവിവര്‍മ വരച്ചിരുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്റെ രചനകളുടെ പകര്‍പ്പുകള്‍ സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരിക്കുന്നു.
എങ്ങനെ എത്താം
വിമാനം ; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. നഗരത്തിൽ നിന്ന് 6 കിലോ മീറ്റർ മാത്രം ദൂരം.
റോഡ് ; ദീർഘ ദൂര ബസുകൾ നഗരത്തിലുള്ള തമ്പാനൂരിൽ നിന്നും ഹ്രസ്വ ദൂര ബസുകൾ കിഴക്കേക്കോട്ടയിൽ നിന്നും സർവീസ് നടത്തുന്നു.
റയിൽ :രാജ്യത്തെ പ്രധാന നഗരങ്ങളെയും കേരളത്തിലെ എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ചു തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ സർവീസുകൾ.