Kerala

നിപ വൈറസ് ടൂറിസത്തെ ബാധിച്ചിട്ടില്ല: സംസ്ഥാന ടൂറിസം അഡ്വൈസറി കമ്മിറ്റി

സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളേയും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.


സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചരണങ്ങള്‍ ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതായും, സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. നിലവിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ടൂറിസംരംഗത്തുളളവര്‍ മുന്‍കൈയെടുക്കണമെന്നും ടൂറിസം സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

വൈറസ് ബാധ ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കരിന്റെ ഭാഗത്ത് നിന്നുള്ള നടപടി ടൂറിസം രംഗത്തിന് വളരെയേറെ ഗുണകരമായിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ഇതിനെ സംബന്ധിച്ചുള്ള വിശ്വാസകരമായ കാര്യങ്ങള്‍ പുറത്തുവിടാനാണ് ടൂറിസം വകുപ്പ് ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ ഈക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും ഡയറക്ടര്‍ അറിയിച്ചു.

സ്റ്റേറ്റ് ടൂറിസം അഡൈ്വസറി കമ്മിറ്റി അംഗങ്ങളും, ടൂറിസം രംഗത്തെ പ്രമുഖ ഓര്‍ഗൈനേഷനുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.