Places to See

തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥ

തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിര്‍മ്മിച്ച അണക്കെട്ടു മുതല്‍ വെന്ത കളിമണ്ണില്‍ തീര്‍ത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്‌നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകള്‍ പരിചയപ്പെടാം…

ആളിയാര്‍ അണക്കെട്ട്

കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിയില്‍ സ്ഥിതി ചെയ്യുന്ന ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ്. വാല്‍പ്പാറയുടെ താഴെയായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ആളിയാര്‍ അണക്കെട്ട് പൊള്ളാച്ചിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ആളിയാര്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാര്‍ അണക്കെട്ട് എന്നറിയപ്പെടുന്നത്. പാര്‍ക്ക്, ഗാര്‍ഡന്‍, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

അമരാവതി അണക്കെട്ട്

തിരുപ്പൂര്‍ ഉദുമല്‍പ്പേട്ടില്‍ അമരാവതി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് അമരാവതി അണക്കെട്ട്. 1957 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അണക്കെട്ട് ആദ്യം ജലസേചനം എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നു നിര്‍മ്മിച്ചത്. പിന്നീട് വെള്ളപൊക്കം നിയന്ത്രിക്കുക, വൈദ്യുതി ഉത്പാദിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അമരാവതി അണക്കെട്ടിനുണ്ട്. ഇതിനുള്ളിലൂടെയുള്ള ബോട്ടിങ്ങാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ഭവാനി സാഗര്‍ അണക്കെട്ട്

ഈറോഡ് ജില്ലയിലെ ഭവാനി സാഗര്‍ അണക്കെട്ട് അഥവാ ഭവാനി ഡാം ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്ണില്‍ തീര്‍ത്ത അണക്കെട്ടുകളില്‍ ഒന്നാണ്. ഭവാനി നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സത്യമംഗലത്തു നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ നിര്‍മ്മാണം സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഏറ്റടുത്ത വലിയ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഒന്നായിരുന്നു. 1948 ല്‍ ആരംഭിച്ച് 1956 ല്‍ തുറന്നു കൊടുത്തതാണ് ഇതിന്റെ ചരിത്രം.

കല്ലണൈ അണക്കെട്ട്

തഞ്ചാവൂര്‍ ജീല്ലയില്‍ കാവേരി നദിയുടെ കുറുകെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പ്രധാന അണക്കെട്ടുകളില്‍ ഒന്നാണ് കല്ലണെ അണക്കെട്ട്. ഒന്നാം നൂറ്റാണ്ടില്‍ കരികാല ചോളന്‍ നിര്‍മ്മിച്ച ഈ അണക്കെട്ട് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഇന്നും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ ജല വൈദ്യുത പദ്ധതികളില്‍ ഒന്ന് എന്ന പ്രത്യേകതയും കല്ലണ അണക്കെട്ടിനുണ്ട്. 19-ം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എന്‍ജീനീയര്‍ ആര്‍തര്‍ തോമസ് കോട്ടണ്‍ ആണ് പുനരുദ്ധാരണം നടത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കാമരാജ് സാഗര്‍ അണക്കെട്ട് നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അണക്കെട്ടാണ് കാമരാജ് സാഗര്‍ അണക്കെട്ട്. ഊട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇത് ഒരു അണക്കെട്ട് എന്നതിലുപരിയായി ഒരു വിനോദ സഞ്ചാര കേന്ദ്രവും ഷൂട്ടിങ് ലൊക്കോഷനുമാണ്. നേച്ചര്‍ ക്യാംപുകള്‍ക്കും മീന്‍ പിടുത്തത്തിനും ഒക്കെ യോജിച്ച ഒരു പ്രദേശം കൂടിയാണിത്.


കോടിവേരി ഡാം

ഗോബിചെട്ടിപ്പാളയത്തിനടുത്ത് ഭവാനി വദിയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ ഒരണക്കെട്ടാണ് കോടിവേരി ഡാം. എഡി 1125 ല്‍ കോംഗല്‍വാന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഈ അണക്കെട്ട് കല്ലുകള്‍ 20 അടിയോളം തുരന്നിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇരുമ്പ് കമ്പികളും ലെഡും ചെര്‍ന്ന് പ്രത്യേക രീതിയിലാണ് ഇത് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. പാര്‍ക്ക, കളിസ്ഥലം, കുട്ടവഞ്ചി തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

കറുപ്പാനദി അണക്കെട്ട്

പശ്ചിമ ഘട്ടത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് കറുപ്പാനദി അണക്കെട്ട്. കറുപ്പാനദിയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഇത് നീണ്ട ആറു വര്‍ഷമെടുത്ത് 1971 ലാണ് പൂര്‍ത്തിയാക്കിയത്.

കൃഷ്ണഗിരി അണക്കെട്ട്

തെന്‍പണ്ണെ നദിയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കൃഷ്ണഗിരി അണക്കെട്ട് ഇവിടുത്തെ കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. കൃഷ്ണഗിരി റിസര്‍വോയര്‍ പ്രോജക്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി 1957 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ കീഴില്‍ ആരംഭിച്ച ഈ ഡാം കൃഷ്ണഗിരിയുടെ ടൂറിസം രംഗത്ത് വലിയ സംഭാവനകള്‍ നല്കുന്ന സ്ഥലമാണ്. അവധി ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുപോലും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

കെലവരപള്ളി

തമിഴ്നാട്ടിലെ പൊന്നിയാറിലാണ് കെലവരപള്ളി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 13.5 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന്റെ സംഭരണ ശേഷി ഏതാണ്ട് 480 ഘനയടിയാണ്. ഈ അണക്കെട്ടില്‍ നിന്നാണ് കൂടല്ലൂര്‍, ധര്‍മ്മപുരി, കൃഷ്ണഗിരി, വെല്ലൂര്‍ ജില്ലകള്‍ക്ക് വെള്ളമെത്തിക്കുന്നത്. ഹൊസൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഹൊസൂരില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള റോഡില്‍ നിന്ന് തിരിഞ്ഞ് അണക്കെട്ടിലെത്താം. ഹൊസൂര്‍ നിവാസികളുടെയും ഹൊസൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമാണ് കെലവരപള്ളി അണക്കെട്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള മനോഹരമായ ഒരു പാര്‍ക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ശുദ്ധ വായുവും പച്ചപ്പും പ്രകൃതി സ്നേഹികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.

മേട്ടൂര്‍ ഡാം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നാണ് മേട്ടൂര്‍ ഡാം. കാവേരി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഇത് 1934 ല്‍ ആരംഭിച്ച് ഒന്‍പത് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ ക്യാച്‌മെന്റ് ഏരിയകളായ കബനി അണക്കെട്ട്, കൃഷ്ണ രാജ സാഗര അണക്കെട്ട് എന്നിവിടങ്ങളില്‍ നിന്നും മേട്ടൂര്‍ ഡാമിലേക്ക് വെള്ളം എത്തിച്ചേരാറുണ്ട്. തമിഴ്‌നാട്ടിലെ ഏകദേശം 12 ജില്ലകളിലേക്ക് ആവശ്യമായ കുടിവെള്ളം ഈ അണക്കെട്ട് നല്കുന്നു.

വൈഗൈ അണക്കെട്ട്

തേനി ജില്ലയില്‍ ആണ്ടിപ്പെട്ടിയില്‍ വൈഗാ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വൈഗാ അണക്കെട്ട്. മധുരൈ, ഡിണ്ടിഗല്‍ ജില്ലയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ഈ ഡാമാണ് പ്രധാന പങ്ക് വഹിക്കുന്നത്.