Asia

ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്

ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.

ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍
ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര.

താജ് മഹല്‍ -ഇന്ത്യ
ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.താജ്മഹല്‍ കാണാതെ പിന്നെന്ത് യാത്ര.

മൗണ്ട് ഫുജി – ജപ്പാന്‍
ജപ്പാന്റെ സാംസ്‌കാരിക ചിഹ്നം കൂടിയാണ് മൗണ്ട് ഫുജി. പഞ്ച അരുവികളാല്‍ വളയപ്പെട്ട് മഞ്ഞുമൂടി നില്‍ക്കുന്നജപ്പാനിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ ഫിജി സജീവ അഗ്‌നിപര്‍വ്വതം കൂടിയാണ്.1707-ലാണ് അവസാന സ്‌ഫോടനമുണ്ടായത്. ഒരൊറ്റ പൊട്ടിത്തെറിയില്‍തന്നെ ഒരായിരം വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചമൗണ്ട് ഫുജിയിലെക്കാവട്ടെ നിങ്ങളുടെ അടുത്ത യാത്ര.

പെട്രോനാസ് ടവര്‍-മലേഷ്യ
അംബരചുംബികളുടെ,വര്‍ണ്ണ ദീപങ്ങളുടെ,ആഡംബരങ്ങളുടെ നഗരമാണ് മലേഷ്യയിലെ ക്വാലാലംപൂര്‍. പെട്രോനാസ് ട്വിന്‍ ടവേര്‍സാണ് പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഈ ഇരട്ടഗോപുരങ്ങള്‍ പെട്രോനാസ് എന്ന ദേശീയ എണ്ണ കമ്പനിയുടെ മാഗ്‌നം ഓപസ് ആണ്. മലേഷ്യന്‍ ജനതയുടെ അധ്വാനത്തിന്റെ,ആത്മവിശ്വാസത്തിന്റെ ധ്വജസ്തംഭം. മനോഹരമാണ് ടവറിന്റെ ഓരോ നിലകളിലേക്കുമുള്ള യാത്ര.

ഡോം ഓഫ് ദ റോക്ക് – ഇസ്രായേല്‍
മുസ്ലിംഗള്‍ ‘അല്‍-അഖ്‌സ’ എന്നു വിളിക്കുന്ന ജറുസലേമിലെ വിഖ്യാതമായ മുസ്ലീം ദേവാലയമാണ് ഡോം ഓഫ് ദ റോക്ക്. ദേവാലത്തിന് നടുവിലുള്ള ഗോപുരം വലിയ ഒരു പാറയെ വലയം ചെയ്യുന്നു. മുഹമ്മദ് നബി ഒരു രാത്രി സ്വര്‍ഗ്ഗ യാത്ര നടത്തിയത് ഇവിടെ നിന്നാണന്ന് മുസ്ലിംഗളും, അബ്രഹാം മകന്‍ ഇസഹാക്കിനെ ബലി കൊടുക്കുവാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയത് ഈ പാറയിലായിരുന്നുവെന്ന് ക്രൈസ്തവരും വിശ്വസിക്കുന്നു. ഇഷ്ടപ്പെടാതിരിക്കില്ല മത ചരിത്രങ്ങളുടെ ഉള്ളറിഞ്ഞുള്ള തീര്‍ത്ഥയാത്ര.

ഫോര്‍ബിഡന്‍ സിറ്റി-ചൈന
ചൈനീസ് ചക്രവര്‍ത്തിമാരുടെ രാജകീയ കൊട്ടാര സമുച്ചയമാണ് ബീജിംഗിലെ ഫോര്‍ബിഡന്‍ സിറ്റി (വിലക്കപ്പെട്ട നഗരം). 78 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കൊട്ടാരത്തില്‍ 980-ഓളം മന്ദിരങ്ങളുണ്ട്. സിജിന്‍ ചെങ്(Zijin Cheng) എന്ന ചൈനീസ് നാമത്തിന്റെ തര്‍ജ്ജമയാണ് വിലക്കപ്പെട്ട നഗരം എന്നത്. ഭൂമിയിലെ രാജാക്കന്മാരുടെ നഗരമായതിനാല്‍ പേരിനൊപ്പം (പൊതുജനങ്ങള്‍ക്ക്) വിലക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന ജിന്‍(jin) എന്ന പദം ചേര്‍ത്തിരിക്കുന്നു. വിലക്കൊക്കെ പഴങ്കഥ. വിലക്കപ്പെട്ട ഏത് കനിയും നുണഞ്ഞുനോക്കുന്ന മനുഷ്യന് ഒഴിവാക്കാന്‍ കഴിയുമോവിലക്കപ്പെട്ട നഗരത്തിലേക്കുള്ള യാത്ര.

ടൈഗര്‍സ് നെസ്റ്റ് മൊണാസ്റ്ററി – ഭൂട്ടാന്‍
ഹിമാലയ പര്‍വതസാനുക്കളുടെ മടിത്തട്ടില്‍ ഏകാന്തമായി കഴിയുന്ന രാജ്യമാണ് ഭൂട്ടാന്‍.ചെറുപട്ടണങ്ങളില്‍ വരെ വലിയ ആരാധനാമന്ദിരങ്ങളുണ്ട്. ‘പാരോ ടക്ത്‌സങ്ങ്’ അഥവാ ടൈഗര്‍ നെസ്റ്റ് പുരാതനവും പ്രസിദ്ധവുമായൊരു പാല്‍ഫുങ്ങ് മൊണാസ്ട്രിയാണ്.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ഗിരിശൃംഗത്തിലെ പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്.ബുദ്ധന്റെ രണ്ടാം പുനരവതാരമായി കരുതുന്ന ഗുരു റിംപോച്ചേപാറക്കെട്ടിലുള്ള ഗുഹയില്‍ തപസ്സിനായി ഒരു പെണ്‍കടുവയുടെ പുറത്തിരുന്നു പറന്നു വന്നിറങ്ങിയെന്നാണ് വിശ്വാസം. മിത്തുകളുടെ മാനം കയറിയും ഒരു യാത്രയാകമല്ലോ.