Kerala

മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം

ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്.

തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്‍, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും.

വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ നല്‍കാന്‍ പരിശീലനം ലഭിച്ച കാടര്‍, മലയര്‍, മലമലശര്‍, മുതുവാന്മാര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ഗൈഡുമാരുണ്ട്. മദ്യവും പ്ലാസ്റ്റിക്കും പൂര്‍ണമായി നിരോധിച്ചിരിക്കുന്നു.

എങ്ങനെ എത്താം

പാലക്കാട്ടുനിന്നു പുതുനഗരം-മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പോകണം. സേത്തുമട തമിഴ്‌നാട് ചെക് പോസ്റ്റ് കടന്ന് ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് വഴി പറമ്പിക്കുളത്ത് എത്താം. തൃശൂര്‍ ഭാഗത്തു നിന്നു വരുന്നവര്‍ക്കു വടക്കഞ്ചേരി-നെന്മാറ-കൊല്ലങ്കോട്‌ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിലേക്കു പോകാം. പാലക്കാട്ടുനിന്നു 91 കിലോമീറ്ററാണ് ദൂരം. രണ്ടര മണിക്കൂര്‍ യാത്ര.