News

തിരുപ്പതി ദര്‍ശനത്തിന് ഇനി വിഐപി മുന്‍ഗണന ഇല്ല

ഇനിമേല്‍ തിരുപ്പതി ദര്‍ശനത്തിന് വിഐപികള്‍ക്ക് മുന്‍ഗണന ഇല്ല. ദേവന് മുന്നില്‍ ഇനി എല്ലാവരും സമന്മാര്‍. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി ഭക്തന്മാരെത്തകുന്ന തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിലെ പണക്കാര്‍ക്കും അധികാരികള്‍ക്കുമുള്ള മുന്‍ഗണന പല ഭക്തരുടെയും നൊമ്പരപ്പെടുത്തിയിരുന്നു. ചിലര്‍ക്ക് മാത്രം ദേവന് മുന്പിലിലെത്താന്‍ പ്രത്യേക വഴിയും പ്രത്യേക ദര്‍ശന സമയവുമെല്ലാം നിശ്ചയിച്ചിരുന്ന അസമത്വങ്ങളുടെ അധ്യായത്തിനാണ് ക്ഷേത്ര ഭരണ സമിതി ഒടുക്കം കുറിയ്ക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിഐപികള്‍ക്കുള്ള പ്രത്യേക ബുക്കിങ്ങുകള്‍ ക്ഷേത്രം വകുപ്പ് അവസാനിപ്പിക്കുന്നത്.


രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കോ വ്യവസായ പ്രമുഖര്‍ക്കോ പരിഗണന നല്‍കേണ്ടതില്ലെന്നും ഇത് ദേവന്റെ ഗൃഹമാണ് അവിടെ എല്ലാവരും ഒരുപോലെയാണെന്നുമാണ് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നത് . വിഐപി ദര്ശനത്തിനുള്ള വിലക്കുകള്‍ക്ക് യാതൊരു വിട്ടു വീഴ്ചയും ഇനിമേല്‍ ഉണ്ടാകില്ലെന്നും ഇതിനായി നല്‍കപ്പെടുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭരണസമിതിയുടെ ഈ തീരുമാനവുമായി സഹകരിക്കണമെന്നാണ് ഇവര്‍ അപേക്ഷിക്കുന്നത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെല്ലാം തന്നെ ആന്ധ്രാപ്രദേശിലെ ഈ പുരാതന ക്ഷേത്രത്തില്‍ എത്തിച്ചേരാറുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നു മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖരും തിരുപ്പതി ഭഗവാനെ കാണാനായി തിരുമലയില്‍ എത്താറുണ്ട്.