Festival and Events

കോമരക്കൂട്ടങ്ങളുടെ കാവുതീണ്ടലിനായി കുരുംബക്കാവ് ഒരുങ്ങി

ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങളുടെ അരമണിശബ്ദം ഉയര്‍ന്നുതുടങ്ങിയ ശ്രീകുരുംബക്കാവില്‍ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പരമ്പരാഗത അവകാശികള്‍ വ്രതനിഷ്ഠയോടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കും അശ്വതി കാവുതീണ്ടലിനുമായി ശ്രീകുരുംബക്കാവിലെത്തുന്ന കോമരക്കൂട്ടങ്ങള്‍ക്കായി അവകാശത്തറകളും കാവുതീണ്ടലിന് അനുമതി നല്‍കാനായി വലിയതമ്പുരാന്‍ ഉപവിഷ്ടനാകുന്ന നിലപാടുതറയും ഒരുങ്ങിക്കഴിഞ്ഞു.

ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ഭരണി ഉത്സവച്ചടങ്ങുകളില്‍ നിര്‍ണായകസ്ഥാനമാണ് നിലപാടുതറയ്ക്കും അവകാശത്തറകള്‍ക്കുമുള്ളത്. ക്ഷേത്രസങ്കേതത്തില്‍ എഴുപതോളം അവകാശത്തറകളുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കിഴക്കേനടയിലെ നടപ്പന്തലിനോട് ചേര്‍ന്നുള്ള വൃത്താകൃതിയിലുള്ള നിലപാടുതറയാണ്. ഈ തറയില്‍ എഴുന്നള്ളിയാണ് വലിയതമ്പുരാന്‍ അശ്വതി കാവുതീണ്ടലിന് അനുമതി നല്‍കുക.

അശ്വതിനാളിലെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞ് അടികള്‍മാരോടും ക്ഷേത്രം തന്ത്രിയോടുമൊപ്പം കിഴക്കേനടയിലൂടെ പുറത്തിറങ്ങുന്ന തമ്പുരാന്‍ നിലപാടുതറയില്‍ ഉപവിഷ്ടനാകും. തുടര്‍ന്ന് കോയ്മ ചുവന്ന പട്ടുകുടനിവര്‍ത്തി കാവുതീണ്ടുവാന്‍ അനുവാദം അറിയിക്കുന്നതോടെയാണ് തീണ്ടല്‍ നടക്കുക.

കാവുതീണ്ടുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങും. ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്കും പോലീസ്-റവന്യൂ അധികൃതര്‍ക്കും ഇവിടെവെച്ചാണ് തമ്പുരാന്‍ പുടവ സമ്മാനിക്കുക. അവകാശത്തറകളെല്ലാം ഓരോ ദേശക്കാരുടേതാണ്.

ഭരണിനാളുകളില്‍ അവകാശികളല്ലാത്ത മറ്റു ദേശക്കാര്‍ക്കോ ഭക്തര്‍ക്കോ അവകാശത്തറകളില്‍ പ്രവേശനമുണ്ടാകില്ല. വടക്കന്‍ ജില്ലകളില്‍നിന്നുമെത്തുന്ന വിവിധ ദേശക്കാരുടെ പേരുകളിലാണ് ഈ തറകള്‍ അറിയപ്പെടുക. ഈ തറകളില്‍നിന്ന് ഭരണിനാളുകളില്‍ നികുതിപിരിച്ച് വലിയതമ്പുരാന് സമര്‍പ്പിക്കുന്നതിനുള്ള അധികാരം കോതപറമ്പ് അരയംപറമ്പിലെ കാരണവര്‍ക്കാണ്.

അശ്വതി കാവുതീണ്ടലിന് ദിവസങ്ങള്‍ക്കുമുമ്പ് എത്തുന്ന കോമരങ്ങളും ഭക്തരും അതത് ദേശക്കാരുടെ തറകളില്‍ തമ്പടിച്ചാണ് അശ്വതി കാവുതീണ്ടലില്‍ പങ്കുചേരുക.