Middle East

ഗ്രീന്‍ സിറ്റിയാവാന്‍ തയ്യാറെടുത്ത് റിയാദ്; പ്രഖ്യാപനത്തില്‍ മൊത്തം 86 ബില്യന്റെ പദ്ധതികള്‍

സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്‌ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും.

ഗ്രീന്‍ റിയാദ് യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 16 ഇരട്ടി റിയാദിന്റെ പച്ചപ്പ് വര്‍ദ്ധിക്കും. ഇതിനായി 75 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കും. മ്യൂസിയം, തിയേറ്റര്‍, വിവിധ ഗാലറികള്‍ തുടങ്ങി 1000 പ്രാദേശിക രാജ്യാന്തര കലാകാരന്മാര്‍ പങ്കാളികളാകുന്ന തുറന്ന എക്‌സിബിഷന്‍ എന്നിവയാണ് ആര്‍ട്ട് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറ് ബന്ധിപ്പിക്കുന്ന 135 കിലോ മീറ്റര്‍ ദൂരത്തിലാണ് സ്‌പോര്‍ട്‌സ് ട്രാക് നിര്‍മിക്കുന്നത്. സൈക്കിളിങ്, കുതിര സവാരി, ജോഗിങ്, കായികം, സാംസ്‌കാരിക കേന്ദ്രം എന്നിവ ഉള്‍ക്കൊള്ളുന്നതാവും സ്‌പോര്‍ട്‌സ് ട്രാക്. വിഷന്‍ 2030 ഭാഗമായി പ്രഖ്യാപിക്കപ്പെട്ട നാലു പദ്ധതികള്‍ സ്വദേശികള്‍ക്കായി 70,000 പുതിയ തൊഴിലുകള്‍ സമ്മാനിക്കും.

പദ്ധതിയുടെ ഭാഗമായി ഹൗസിംങ്, ഹോസ്പിറ്റാലിറ്റി, കോര്‍പറേറ്റ്, വിദ്യാഭ്യാസം, താമസം, വാണിജ്യം എന്നീ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് അവസരമൊരുക്കും. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിവിധ ദേശങ്ങളുമായി ആകര്‍ഷകമായ ബന്ധം സാധ്യമാക്കും വിധം ലോകത്തിലെ വലിയ സജീവ പട്ടണമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2019 പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അറിയിപ്പ്.