Middle East

പോസിറ്റിവിറ്റി സൂചികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി യു എ ഇ

രാജ്യങ്ങളുടെയും ജനത്തിന്റെയും ‘പോസിറ്റിവിറ്റി’ അളന്നപ്പോള്‍ യു.എ.ഇ.ക്ക് എട്ടാം സ്ഥാനം. 34 ഒ.ഇ.സി.ഡി. അംഗരാജ്യങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇക്കോണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പോസിറ്റിവിറ്റി സൂചികയില്‍ യു.എ.ഇ. എട്ടാംസ്ഥാനം കരസ്ഥമാക്കിയത്.

യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ഭാവി തലമുറയുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം, ആഗോളതലത്തില്‍ യു.എ.ഇ.ക്കുള്ള ഗുണപരമായ സ്വാധീനം എന്നിവ കണക്കിലെടുത്താണ് യു.എ.ഇ. സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. യുവാക്കളുടെ ശാക്തീകരണം, പ്രതിഭകള്‍ക്ക് അവസരം നല്‍കല്‍, വിദ്യാഭ്യാസ മേഖലയുടെ വികസനം, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയവയും യു.എ.ഇ.ക്ക് അനുകൂലമായ ഘടകങ്ങളായി. 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനം ഇതിന് പിന്തുണയേകി.

ഇതുകൂടാതെ ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും സുസ്ഥിര വികസനത്തിന് വേണ്ടിയും യു.എ.ഇ. എടുക്കുന്ന നിലപാടുകളും ഒ.ഇ.സി.ഡി.യിലെ പുതിയ അംഗമായ യു.എ.ഇ.യെ പോസിറ്റീവ് രാജ്യമായി ഉയര്‍ത്തിക്കാട്ടാന്‍ സഹായമായി.