News

ചൊവ്വയിലെ ആദ്യ സഞ്ചാരി സ്ത്രീ; സൂചന നല്‍കി നാസ

ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. അടുത്ത ചാന്ദ്രദൗത്യം ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരിക്കാനാണ് സാധ്യത.

ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ ബഹിരാകാശ ശാസ്ത്രജ്ഞരായ ആനി മക്ക്‌ലെയിനും ക്രിസ്റ്റീന കോച്ചും ഇതില്‍ പങ്കാളികളാകും. ഏഴുമണിക്കൂര്‍ നീളുന്ന ബഹിരാകാശനടത്തമാണ് സംഘടിപ്പിക്കുന്നത്.

2013-ലെ ബഹിരാകാശ ക്ലാസില്‍ പങ്കാളികളായിരുന്നു മക്ക്‌ലെയിനും കോച്ചും. ഈ ക്ലാസില്‍ പങ്കെടുത്തവരില്‍ പകുതിപ്പേരും സ്ത്രീകളായിരുന്നു. അടുത്തിടെ നടന്ന ബഹിരാകാശ സഞ്ചാരികളുടെ ക്ലാസിലും 50 ശതമാനത്തിലധികം സ്ത്രീകളായിരുന്നു -നാസ പറഞ്ഞു.