Middle East

സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വിഭാഗം

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി ഫീസ് പകുതിയാക്കി കുറച്ച് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വിഭാഗം (ഡിസിടി). ഇതിനു പുറമേ 50 കോടി ദിര്‍ഹത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം ഫീസ് ആറില്‍നിന്ന് 3.5 ശതമാനമായും മുനിസിപ്പാലാറ്റി ഫീസ് 4ല്‍നിന്ന് 2 ശതമാനമായുമാണ് കുറച്ചത്.

മൂന്നു വര്‍ഷത്തിനകം 100 കോടി ദിര്‍ഹത്തിന്റെ ഫീസിളവാണ് ഇതുവഴി ലഭ്യമാകുകയെന്ന് ഡിസിടി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു.

എണ്ണയിതര മേഖലയുടെ വികസനം ലഭ്യമിട്ടാണ് ടൂറിസം രംഗത്ത് 50 കോടി ദിര്‍ഹം നിക്ഷേപിക്കുന്നത്. അബുദാബി എമിറേറ്റിന്റെ വികസനത്തിനായി കിരീടാവകാശിയും സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തേ പ്രഖ്യാപിച്ച 5000 കോടി ദിര്‍ഹത്തിന്റെ ഗദാന്‍ 21 പദ്ധതിയുടെ ഭാഗമാണിത്.

സാമ്പത്തിക, വൈജ്ഞാനിക, സാമൂഹിക, ജീവിത മേഖലകളിലാണ് തുക വിനിയോഗിക്കുക. ഇതിന്റെ ഗുണം സ്വദേശികള്‍ക്കു മാത്രമല്ല, താമസക്കാര്‍ക്കും ബിസിനസ് ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍മുറിക്ക് ദിവസേന നല്‍കേണ്ട മുനിസിപ്പാലിറ്റി ഫീസ് 15ല്‍നിന്ന് 10 ദിര്‍ഹമാക്കി കുറച്ചു. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഹോട്ടലുകള്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കി. 30 ദിവസമോ അതിലധികമോ ഉള്ള ദീര്‍ഘകാല ഹോട്ടല്‍ താമസത്തിനുള്ള മുനിസിപ്പാലിറ്റി ഫീസും ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടലില്‍നിന്ന് മാസാന്തം ശേഖരിച്ചിരുന്ന ഫീസ് ആറു മാസത്തിലൊരിക്കലാക്കിയതും ഉടമകള്‍ക്ക് അനുഗ്രഹമാകും.

ഫോര്‍മുല വണ്‍, ഗ്രാന്‍ഡ് പ്രീ, ലൂവ്‌റ് അബുദാബി, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തുടങ്ങി ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളും പരിപാടികളുമാണ് അബുദാബിയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഷെയ്ഖ് സായിദ് നാഷനല്‍ മ്യൂസിയവും ഗഗ്ഗനിം മ്യൂസിയവും എത്തുന്നതോടെ ഈ ഒഴുക്കുവര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2018ല്‍ സഞ്ചാരികളുടെ എണ്ണം 3.94% വര്‍ധിച്ച് ഒരു കോടിയിലേറെയായതായും അധികൃതര്‍ പറഞ്ഞു.