India

മോണോ റെയില്‍ യാത്രക്കാര്‍ക്ക് ഇനി പേപ്പര്‍ രഹിത ടിക്കറ്റ്

മോണോ റെയില്‍ 2ാം ഘട്ടം നേട്ടം കൊയ്യുന്നതിനു പിന്നാലെ പേപ്പര്‍ രഹിത ടിക്കറ്റിലേക്കു നീങ്ങാനൊരുങ്ങുന്നു. ചെമ്പൂര്‍ മുതല്‍ വഡാല വരെ 4 വര്‍ഷമായി ഓടിവന്ന മോണോറെയിലിന്റെ 2ാം ഘട്ടമായ വഡാല – ജേക്കബ് സര്‍ക്കിള്‍ റൂട്ട് ഈ മാസം 3നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 8 തവണ മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം ആദ്യം ഓടിത്തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 26 ലക്ഷത്തിന്റെ വരുമാനമുണ്ടാക്കിയെന്നും പ്രതീക്ഷിച്ച പോലെ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്നും നടത്തിപ്പുകാരായ എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) സംതൃപ്തി പ്രകടിപ്പിച്ചു. ഒരു മാസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ, വര്‍ധന ശരിക്കും വ്യക്തമാകുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ സൗകര്യാര്‍ഥം പേപ്പര്‍ ടിക്കറ്റിന്റെ ഉപയോഗം കുറച്ച് അവരുടെ മൊബൈല്‍ ഫോണില്‍ തന്നെ ബുക്ക് ചെയ്യാവുന്ന ക്യൂആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡ് ടിക്കറ്റിങ് സിസ്റ്റം നടപ്പിലാക്കും. ഇതു നടപ്പില്‍ വരുത്താന്‍ 2 മാസത്തെ സമയം എടുക്കും. ക്യൂആര്‍ കോഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍, സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു നടക്കാത്തവര്‍ എന്നിവര്‍ക്കായി, പേപ്പര്‍ ടിക്കറ്റ് ലഭ്യമാക്കും. യാത്രചെയ്യാന്‍ വരുന്നവരെ നിരുല്‍സാഹപ്പെടുത്താതിരിക്കുകയാണ് ലക്ഷ്യം, മാത്രമല്ല, പേപ്പര്‍ ടിക്കറ്റ് ലാഭകരമാക്കാന്‍, ഇതിന്റെ പിന്നില്‍ പരസ്യം നല്‍കും.

പരസ്യം കൊണ്ടുവരാനായി ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോയിന്‍ ടിക്കറ്റിനു 60 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 50 രൂപയാണ്. സ്മാര്‍ട്ട് കാര്‍ഡിന് അനുവദിക്കുന്ന 10 രൂപ, ചിലര്‍ പ്ലാസ്റ്റിക് കോയിന്‍ തിരിച്ചു നല്‍കാത്തുമൂലമുളള നഷ്ടം എന്നിവയെല്ലാം ക്യൂആര്‍ കോഡ് നിലവില്‍ വരുന്നതോടെ ഇല്ലാതാകുമെന്നും എംഎംആര്‍ഡിഎ വെളിപ്പെടുത്തി.