Kerala

കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ ഔഷധ ഉദ്യാനം തയ്യാര്‍

കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്.

മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം.

പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യാനം ഏറെ പ്രയോജനപ്പെടും.

ഓരോ ഇനത്തിന്റെയും പൊതുനാമം, ശാസ്ത്രനാമം, ഉപയോഗം എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് 28ന് ഉദ്യാനം തുറന്നുകൊടുക്കുമെന്ന് കെഎഫ്ആര്‍ഐ ഉപകേന്ദ്രം സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ.യു.ചന്ദ്രശേഖര പറഞ്ഞു.