Middle East

ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബൈ

ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 149 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം.

തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഫ്ലൈ ദുബായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കമ്പനി പ്രതികരിച്ചു.