Kerala

സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴക്കൂട്ടത്തെ എംഎല്‍എയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ ആദ്യം നിര്‍മ്മാണം ആരംഭിക്കുന്നത് കഴക്കൂട്ടത്തെ പദ്ധതിയാണ്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം,വിരിപന്തല്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ആധുനിക പാചകമുറി, ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കൗണ്ടര്‍, ഇന്റര്‍നെറ്റ് – വൈ ഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന അമിനിറ്റി സ്റ്റോര്‍ എന്നിവയും ഇടത്താവള സമുച്ചയത്തിലുണ്ടാകും. രണ്ട് നിലകളിലുള്ള പ്രധാന മന്ദിരത്തിന് 26846 ചതുരശ്ര അടിയും, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് 6800 ചതുരശ്ര അടിയും, ടോയിലറ്റ് കോംപ്ലക്‌സിന് 850 ചതുരശ്ര അടിയും വിസ്തീര്‍ണമുണ്ടാകും.

ക്ഷേത്രക്കുളം നവീകരിക്കുന്നതിന് 46 ലക്ഷം രൂപ വിനിയോഗിക്കും. ക്ഷേത്ര നിര്‍മ്മിതിക്ക് അനുയോജ്യമായി പരമ്പരാഗത ശൈലിയിലുള്ള കെട്ടിട സമുച്ചയമാണ് ക്ഷേത്ര മുറ്റത്ത് ഉയരുക. മനോഹരമായ പൂന്തോട്ടവും പുല്‍ത്തകിടിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ടോയിലറ്റ് കോംപ്ലക്‌സ് ക്ഷേത്രമതിലിന് പുറത്ത് പ്രത്യേകം പണി കഴിപ്പിക്കും. ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സമ്പ് ടാങ്കും നിര്‍മ്മിക്കുന്നുണ്ട്. കഴക്കൂട്ടം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മഹാദേവര്‍ ക്ഷേത്രത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഉള്ള ഇടത്താവള സമുച്ചയം പൂര്‍ത്തിയാകുന്നതോടെ, ശബരിമല തീര്‍ത്ഥാടന കാലം ഒഴിച്ചുള്ള ദിവസങ്ങളില്‍ വിവാഹങ്ങള്‍ നടത്തുന്നതിനും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കും മതിയായ സൗകര്യം കൂടി ലഭ്യമാകും.

മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, നഗരസഭാ കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.