Kerala

മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം

ഉത്തരകേരളത്തിന്റെ വിനോദസഞ്ചാരവികസനത്തിന് വഴിയൊരുക്കി മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും വിനോദസഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മെഗാ ടൂറിസം പദ്ധതി നടപ്പാക്കുക.

ഇതിന്റെ ഭാഗമായി മയ്യഴിപ്പുഴയിലെ പെരിങ്ങത്തൂര്‍, കരിയാട്, മോന്താല്‍ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച 3.30-ന് പെരിങ്ങത്തൂരില്‍ നടക്കും.

പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംലയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. അഞ്ചരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ടൂറിസമാണ് മയ്യഴിപുഴയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഞ്ചാരത്തിന് ആധുനികസംവിധാനങ്ങളുള്ള ബോട്ടുകളായിരിക്കും.

പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്‍, ആയോധനകലകള്‍, കരകൗശലവസ്തുക്കള്‍, പ്രകൃതിഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍ .

പദ്ധതി നടപ്പാകുമ്പോള്‍ പാനൂര്‍ നഗരസഭയിലെ പ്രദേശങ്ങളും ചൊക്ലി, ന്യൂമാഹി, തൃപ്രങ്ങോട്ടൂര്‍, അഴിയൂര്‍, ഏറാമല, എടച്ചേരി എന്നീപഞ്ചായത്തുകളിലെ ഭൂഭാഗങ്ങളും വിനോദസഞ്ചാരഭൂപടത്തില്‍ ഇടംനേടും.