Middle East

ഉംറ തീർത്ഥാടകർക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

സൗദിയിൽ ഉംറ തീർത്ഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനം 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.

അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്കും ആംബുലൻസ് സേവനങ്ങൾക്കും ഉൾപ്പെടെയുള്ള ചിലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് നേടേണ്ടത്. സൗദി എൻട്രി വിസയ്ക്കും വിസ കാലാവധി നീട്ടുന്നതിനും ആശ്രിതർക്കുള്ള വിസയ്ക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.

എന്നാൽ ഹജ്ജ് തീർത്ഥാടകരെയും ചികിത്സക്കായി സൗദിയിലേക്ക് വരുന്നവരെയും നയതന്ത്ര പാസ്‌പോർട്ട് ഉള്ളവരെയും സർക്കാരിന്റെ അതിഥികളായി എത്തുന്നവരെയും ഈ വ്യവസ്ഥയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം 90 ദിവസത്തിനകം നടപ്പിലാക്കുന്നതിന് ഹജ്ജ് – ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.