Kerala

ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും: ഗവര്‍ണര്‍

ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം ഹോര്‍ത്തുസ് മലബാറിക്കസില്‍ തുടങ്ങുന്നതാണ്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ ഗവേഷണം വര്‍ധിപ്പിക്കുക വഴി വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദവും കോര്‍ത്തിണക്കി കേരള മോഡല്‍ ആയുര്‍വേദ ടൂറിസം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഇത് വലിയ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം സിന്ധൂ നദീതട സംസ്‌കാരം മുതല്‍ പ്രതിപാദിക്കുന്നതാണ്. അന്നുമുതലുള്ള ജീവിതചര്യയില്‍ ആയുര്‍വേദത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. സിദ്ധ ചികിത്സ തമിഴ്‌നാട്ടില്‍ ഏറെ പ്രധാനമാണ്. യുനാനി, ഹോമിയോപ്പതി, നാച്യുറോപ്പതി എന്നിവ എന്നിവയെല്ലാം തന്നെ ഒഴിവാക്കാനാവാത്ത ഭാരതീയ ചികിത്സാ വിഭാഗങ്ങളാണ്.

മോഡേണ്‍ മെഡിസിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച ആയുര്‍വേദത്തിന്റേയും മറ്റ് പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടേയും വളര്‍ച്ചയ്ക്ക് തടസമായി. ഇതില്‍ നിന്നും മാറ്റം വരുന്നതിന് അംഗീകൃതങ്ങളായ ഗവേഷണങ്ങളും മറ്റും ഈ ചികിത്സാ വിഭാഗങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. ഭാഗ്യവശാല്‍ 2017ലെ ആരോഗ്യനയ പ്രകാരം ആയുര്‍വേദത്തിനും മറ്റ് ഭാരതീയ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളവും ആയുഷ് വിഭാഗങ്ങളുടെ പുരോഗതിയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ആയുഷ് മേഖലയിലെ കുറവുകള്‍ പരിഹരിച്ച് മികച്ച സൗകര്യങ്ങളൊരുക്കി വരുന്നു. കൂടാതെ ആയര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ സാധ്യമാക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ ഗവേഷണകേന്ദ്രം സഹായിക്കും.

ഭാരതീയ ചികിത്സാ സമ്പ്രദായത്തിന്റെ വളര്‍ച്ചയ്ക്ക് കേരളത്തിന് നിര്‍ണായക പങ്കുണ്ട്. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ നയത്തിലും ആയുഷ് മേഖലയുടെ പുരോഗതിയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രാഥമികതലം മുതല്‍ ആധുനികമായ സൗകര്യങ്ങളോടെയുള്ള വെല്‍നസ് സെന്ററുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വലിയ ലക്ഷ്യവുമായാണ് ആയുഷ് കോണ്‍ക്ലേവ് ആരംഭിക്കുന്നതെന്ന് സദസിനെ അഭിസംബോധന ചെയ്ത ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയുഷ് മേഖലയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ക്ലേവിലൂടെ സാധിക്കണം. രോഗ പ്രതിരോധത്തിനും വെല്‍നസ് ചികിത്സയ്ക്കും ആയുഷ് വിഭാഗങ്ങള്‍ പ്രയോജനപ്പെടുത്തണം. ഇതിലൂടെ ആയുഷ് രംഗത്തിന് വലിയ പുരോഗതി വരുത്താന്‍ സാധിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി കെ. രഞ്ജിത്ത് കുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിത ജേക്കബ് എന്നിവര്‍ പങ്കെടുത്തു.