Kerala

മുസിരിസില്‍ പുതിയ മൂന്ന് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി

പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു.


സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം വര്‍ധിച്ചതോടെയും കൊടുങ്ങല്ലൂരില്‍ നിന്ന് മാളയിലേക്കുള്ള ജലഗതാഗതം ശോഷിച്ചു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സംഘടനകളും മറ്റും സര്‍ക്കാരിലേക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയാണ് മുസിരിസ് പദ്ധതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തില്‍ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്.

ഐരാണിക്കുളം പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐരാണിക്കുളം മഹാദേവ ക്ഷേത്രവും മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഇരട്ട ശ്രീകോവിലുകളാണുള്ളത്. വലിയ ശ്രീകോവിലിനു ചുറ്റുമുള്ള മൃഗമാലയും അത്യപൂര്‍വമായ കാഴ്ചയാണ്.

എടവിലങ്ങ് പതിനെട്ടരയാളം കോവിലകം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാകുന്നു. പതിനെട്ടരയാളം കോവിലകം പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നതിനു മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് തീരുമാനിച്ചതായി ഇ.ടി.ടൈസണ്‍ എംഎല്‍എ പറഞ്ഞു.ജീര്‍ണാവസ്ഥയിലായ കെട്ടിടം പഴമയുടെ തനിമ നിലനിര്‍ത്തി നവീകരിക്കുകയാണു ലക്ഷ്യം.

കെട്ടിടവും കെട്ടിടം 22 സെന്റ് സ്ഥലവും നിലവില്‍ റവന്യു വകുപ്പിനു കീഴിലാണ്. കെട്ടിടം പുതുക്കി നിര്‍മിച്ചു നടപ്പാതയും ഇരിപ്പിടങ്ങളും കവാടവും നടപ്പന്തലും നിര്‍മ്മിക്കും.ഇതിനായി മുസിരിസ് എംഡി പി.എം.നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കോവിലകത്ത് സന്ദര്‍ശനം നടത്തി.കെട്ടിടത്തിന്റെ പഴയ രൂപവും ഭാവവും നിലനിര്‍ത്തി ലിഖിതങ്ങളും ചിത്രങ്ങളും കണ്ടെത്തി സംരക്ഷിക്കുകയും ചെയ്യുമെന്ന് നൗഷാദ് പറഞ്ഞു.

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മൂന്നാം നാളിലെ രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് തുടങ്ങുന്നത്. മൂന്നാം താലപ്പൊലി ചെലവുകള്‍ വഹിച്ചിരുന്നത് കൊച്ചി രാജാവായിരുന്നു. ഇതിന്റെ സ്മരണക്കായാണ് രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നു തുടങ്ങുന്നത്. കോവിലകം ഉള്‍പ്പെടുന്ന ഭൂമി 6 ഏക്കറോളം ഉണ്ടായിരുന്നു.