Middle East

സൗദിയിലെ ‘അൽ ഉലാ’ വിനോദ സഞ്ചാര പദ്ധതി; സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു

സൗദിയിലെ പുരാതന നഗരമായ “അൽ ഉലാ” വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. അൽ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു.

സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യത്തിൻറെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവർണറേറ്റിന് കീഴിൽ വരുന്ന അൽ ഉലാ പ്രദേശം. മധ്യപൂർവ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചത്.

അൽ ഉലായിലെ “ശർആനിൽ” പുതിയതായി സ്ഥാപിച്ച പ്രകൃതി സംരക്ഷ മേഖല കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. അൽ ഉലയിൽ റോയൽ കമ്മീഷൻ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് “ശർആൻ” പരിസ്ഥിതി സംരക്ഷണ മേഖലയുടെ പ്രഖ്യാപനം. ഈ മേഖലയിൽ അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബൽ ഫണ്ട് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകോത്തര നിലവാരത്തോടു കിടപിടിക്കുന്ന വിധത്തിലുള്ള വന്യമൃഗ സംരക്ഷണ മേഖലയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അൽ ഉലാ റോയൽ കമ്മീഷൻ മേധാവിയും സാംസ്‌കാരിക മന്ത്രിയുമായ ബദർ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 2035 ഓടെ ഇവിടെ 38,000 ത്തോളം പുതിയ ജോലി സാധ്യതകൾ സൃഷ്ടിക്കാനും 120 ബില്യൺ റിയാൽ നേടാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഒപ്പം ഇവിടേക്ക് 2 ദശലക്ഷം വിനോദ സഞ്ചാരികളെ പ്രതിവർഷം ആകർഷിക്കാനുമാണ് റോയൽ കമ്മീഷൻ ലക്ഷ്യമിടുന്നത്.