Middle East

റോഡ് സുരക്ഷയില്‍ ഖത്തറിന് ലോക റെക്കോര്‍ഡ്

ലോകത്ത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ നേട്ടം. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

166 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്. 2008ല്‍ 230 വാഹനാപകട മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഈ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഭൂരിഭാഗം വാഹനാപകടങ്ങളിലും യാത്രികര്‍ക്ക് നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗതാഗത മന്ത്രാലയം നടത്തി വരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മികച്ച ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും  അപകടങ്ങള്‍ കുറയാന്‍ കാരണമായി.