Kerala

കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു

കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്.


ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍.

ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുക. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്ററിലധികം സര്‍വീസ് നടത്താന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ 16 ഇ-ഓട്ടോകളായിരിക്കും സര്‍വീസിനുണ്ടാകുക. തുടര്‍ന്ന് 22 എണ്ണം കൂടിയെത്തും.

കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സാണ് ഇ-ഓട്ടോകള്‍ എത്തിക്കുന്നത്.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ടി.യു.സി.ഐ., എസ്.ടി.യു., ബി.എം.എസ്. എന്നീ തൊഴിലാളി യൂണിയനുകളാണ് പ്രതിനിധീകരിക്കുന്നത്. ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരെ കൂടാതെ ബിനു വര്‍ഗീസ്, രഘുനാഥ് പനവേലി, ടി.ബി. മിനി, സൈമണ്‍ ഇടപ്പള്ളി, വി.കെ. അനില്‍കുമാര്‍ എന്നിവരാണ് സൊസൈറ്റിയിലെ കമ്മിറ്റി അംഗങ്ങള്‍.