Festival and Events

മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുവരി 20 മുതല്‍

കഴിഞ്ഞ 25 വര്‍ഷത്തോളമായി ഗ്രാമങ്ങളിലൂടെ സംഗീതസപര്യ നടത്തി പ്രശസ്തമായ മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുരി 20 മുതല്‍ 24 വരെ മധ്യപ്രദേശിലെ മാല്‍വയില്‍ നടക്കും. യാത്രയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

നന്മ, സാഹോദര്യം, പ്രകൃതിയോട് ഉള്ള ആദരവ്, സ്‌നേഹം എന്നീ ആശയ മൂല്യങ്ങളുള്ള കബീര്‍, സൂഫി, ബുള്ളേ ഷാ സൂക്തങ്ങളുടെ സമ്മേളനമാണ് മാല്‍വ കബീര്‍ സംഗീതയാത്ര. ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന യാത്രയില്‍ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രാദേശിക നാട്ടു കലാകാരന്മാരും പങ്കെടുക്കും. കലഹമല്ല സ്‌നേഹം എന്ന സന്ദേശം സമൂഹത്തിന് പകരുകയാണ് യാത്രയുടെ ലക്ഷ്യം.

ഉജ്ജയിനില്‍ നിന്നു 35 കിലോ മീറ്ററും ഇന്‍ഡോറില്‍ നിന്നു 80 കിലോമീറ്ററുമാണ് മാല്‍വയിലേക്കുള്ള ദൂരം. കൃഷി പ്രധാനമായ മാല്‍വയുടെ ഗുപ്ത രാജകാലം സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ആര്‍ക്കിയോളിജിക്കല്‍ പ്രാധാന്യമുള്ള പൈതൃക കോട്ടകളും ശില്‍പങ്ങളും മാല്‍വയില്‍ ഇന്നും സംരംക്ഷിച്ചു പോരുന്നു. ഉജ്ജയിനിലും ഇന്‍ഡോറിലും ഉള്ള ആരാധാലയങ്ങളും മ്യൂസിയങ്ങളും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചവയാണ്.

മാല്‍വ സംഗീത യാത്രക്കൊപ്പം താത്പര്യമുള്ളവര്‍ക്ക് മധ്യപ്രദേശിന്റെ പൈതൃക തനിമകളിലൂടെ സഞ്ചരിക്കാനും ഈ യാത്രയില്‍ പങ്കാളികളാകുന്നവര്‍ക്ക് സാധ്യമാകും. ഫെയ്‌സ്ബുക്ക് പേജിലൂടെയും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.