Middle East

പി ആര്‍ ഒ കാര്‍ഡ് ഒഴിവാക്കി ദുബൈ ടൂറിസം

ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.


ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും.

ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ തീരുമാനം ഏറെ സഹായകമാകുമെന്ന് ദുബൈ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗഖ് പറഞ്ഞു. പല കടമ്പകളും ഒഴിവാകും. ടൂറിസം രംഗത്ത് 2025 വരെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിനെന്നും വ്യക്തമാക്കി.

ടൂറിസം മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ആഡംബര യോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളിലെ യാത്രയ്ക്കും സൗകര്യമൊരുക്കും. യോട്ട് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസ യാത്രകള്‍ക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കര്‍മപരിപാടികള്‍ പുരോഗമിക്കുകയാണ്.

മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാന്‍ ദുബൈ വിമാനത്താവളങ്ങള്‍വഴി കടന്നുപോകുന്ന (ട്രാന്‍സിറ്റ്) യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തിന് നാലുമണിക്കൂറിലേറെ സമയമുണ്ടെങ്കില്‍ പുറത്തിറങ്ങി നഗരക്കാഴ്ചകള്‍ കാണാന്‍ അനുവാദമുണ്ട്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍  ദുബൈ വഴിയാണ് യാത്രചെയ്യുന്നത്. ദുബൈയില്‍ ബന്ധുക്കളെ കാണാനും ഷോപ്പിങ് നടത്താനും ഇറങ്ങുന്നവരേറെയാണ്.

ഇത്രയും സമയമില്ലാത്തവര്‍ക്കായി ‘മൈക്രോകോസം ഓഫ് ദുബൈ ‘ എന്ന വെര്‍ച്വല്‍ റിയല്‍റ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. 3ഡി ദൃശ്യാനുഭവത്തില്‍ കലാ-സാംസ്‌കാരിക, സംഗീത പരിപാടികള്‍ ആസ്വദിക്കാനുള്ള സംവിധാനമാണിത്. ഉല്ലാസയാത്രയുടെ അപൂര്‍വാനുഭവം ഒരുക്കുന്ന ആര്‍ട് ഡിഎക്‌സ്ബി, മ്യൂസിക് ഡിഎക്‌സ്ബി പ്രോഗ്രാമുകളാണുള്ളത്. പ്രതിദിനം ലക്ഷക്കണക്കിനു യാത്രക്കാര്‍ക്ക് ഇതു സൗകര്യമാകും.