Kerala

കുരങ്ങിണി ട്രെക്കിങ്ങിന് വനം വകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി

കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു.

അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. എട്ട് മാസങ്ങള്‍ക്ക് ശേഷം 2018 നവംമ്പര്‍ 31-ന് അംഗീകൃത പാതകളില്‍ വീണ്ടും ട്രെക്കിങ് അനുവദിച്ചു. പുതിയ നിരക്കും ഏര്‍പ്പെടുത്തി.

എന്നാല്‍ രണ്ടു ദിവസമായി തേനി ജില്ലയിലെ പെരിയകുളം, ലക്ഷ്മിപുരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു. മുന്‍കരുതലായിട്ടാണ് കുരങ്ങണി -ടോപ്പ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ട്രെക്കിങ് ഞായറാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുന്നത്.