Middle East

ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്ക് അംഗീകാരം

സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലെ ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ആദ്യഘട്ട നിര്‍മാണം രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വന്‍ പദ്ധതിയാണ് ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ രണ്ടായിരത്തിമുപ്പതിന്റെ ഭാഗമായാണ് ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കര്‍മപദ്ധതിക്കു അംഗീകാരം നല്‍കിയത്.

ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 2022 ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും.

അഞ്ചു ദ്വീപുകളിലായി 3,000 മുറികള്‍ ഉള്‍പ്പെട്ട 14 ആഡംബര ഹോട്ടലുകള്‍, മരുഭൂപ്രദേശത്തും പര്‍വത നിരകളിലുമായി അത്യാധുനിക റിസോര്‍ട്ടുകള്‍, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.

ദ്വീപുകളുടെ 75 ശതമാനം പ്രദേശത്തും പ്രകൃതി, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും കര്‍മപദ്ധതി വ്യക്തമാക്കുന്നു. 28,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി. എഴുപതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. എണ്ണയിതര വരുമാന മാര്‍ഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൌദി അറേബ്യ വിനോദസഞ്ചാര വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്