Kerala

മുഖം മിനുക്കി കോട്ടയം ജൂബിലി പാര്‍ക്ക്

കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്.


ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്.
പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്.

പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. പാര്‍ക്കിനു പിന്നില്‍ ശുചിമുറികള്‍ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞു. പകരം പുതിയ സ്ഥലംകണ്ടെത്തി ശുചിമുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. രണ്ടരക്കോടിയിലേറെ രൂപ പാര്‍ക്കിന്റെ നവീകരണത്തിനായി ചെലവിട്ടു.

കോട്ടയം നഗരത്തില്‍ കുട്ടികള്‍ക്കായി ഒരു പൊതു കളിസ്ഥലമില്ലെന്ന പരാതിയാണ് പാര്‍ക്കിന്റ നവികരണത്തോടെ അവസാനിക്കുന്നത്. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, നഗരസഭ അധ്യക്ഷ പി.ആര്‍. സോന എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്‌കൂള്‍ അവധിക്ക് മുന്നോടിയായി പാര്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.