Middle East

സാഹസികാനുഭവങ്ങളുമായി മെലീഹയില്‍ വീണ്ടും സ്പാര്‍ട്ടന്‍ റേസ്

സാഹസിക വിനോദത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ സ്പാര്‍ട്ടന്‍ റേസ് വീണ്ടും ഷാര്‍ജ മെലീഹയിലെത്തുന്നു. വിവിധ തരത്തിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറേണ്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച റേസുകളിലൊന്നായ സ്പാര്‍ട്ടന്റെ മിഡില്‍ ഈസ്‌റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് മെലീഹയില്‍ അരങ്ങേറുക. വിവിധ പ്രായത്തിലുള്ളവരെ ഉള്‍പ്പെടുത്തുന്ന വിഭാഗങ്ങളും കുട്ടികള്‍ക്കായുള്ള പ്രേത്യേക മത്സരവുമെല്ലാം ഉള്‍പ്പെടുത്തിയ മത്സരത്തിന്റെ പുതിയ പതിപ്പ് ഫെബ്രുവരി പതിനഞ്ചിന് നടക്കും.

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) മെലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രോജക്ടുമായി ചേര്‍ന്നൊരുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ആറു കാറ്റഗറികളിലായി മൂന്നു മത്സരങ്ങളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന വിവിധ സ്പാര്‍ട്ടന്‍ റേസുകളില്‍ നിന്ന് യോഗ്യത നേടിയ മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേരെയാണ് കാഴ്ചക്കാരായി മാത്രം പ്രതീക്ഷിക്കുന്നത്.

‘സ്പാര്‍ട്ടന്‍ റേസിനു വീണ്ടും ആതിഥേയത്വം വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്പാര്‍ട്ടന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ് പോലെ ഒരു വലിയ സാഹസികമാമാങ്കത്തിനു എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് മെലീഹ. 130,000 വര്‍ഷങ്ങള്‍ പിന്നോട്ട് നീളുന്ന മെലീഹയുടെ ചരിത്രം തന്നെ പോരാട്ടങ്ങളുടേതും അതിജീവനങ്ങളുടേതുമാണ്. അങ്ങനെയൊരു ഭൂമികയില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചു കിലോമീറ്ററുകള്‍ താണ്ടി വിജയത്തിലേക്ക് ഓടിയെത്തേണ്ട സ്പാര്‍ട്ടന്‍ റേസ് നടക്കുമ്പോള്‍ അതിന്റെ ആവേശം ഇരട്ടിക്കുന്നു. കാഴ്ചക്കാര്‍ക്കും മത്സരാര്ഥികള്‍ക്കും എന്നും ഓര്‍മിക്കാന്‍ പാകത്തിലുള്ള അനുഭവമാകും ഇതെന്നതില്‍ സംശയമില്ല’ – മെലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രൊജക്റ്റ് ജനറല്‍ മാനേജര്‍ മഹ്മൂദ് റാഷിദ് ദീമാസ് പറയുന്നു. ഇതിനു മുന്‍പ് രണ്ടായിരത്തിപ്പതിനാറിലും സ്പാര്‍ട്ടന്‍ റേസിനു മെലീഹ ആതിഥ്യം വഹിച്ചിരുന്നു.

ഇതുപോലൊരു വലിയ റേസുമായി മെലീഹയിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞതു ഏറെ ആഹ്‌ളാദകരമാണെന്നു സ്പാര്‍ട്ടന്‍ അറേബ്യ മാനേജിങ് ഡയറക്ടര്‍ റയ്യാന്‍ ആഗ പ്രതികരിച്ചു. ‘കൂടുതല്‍ മത്സരാര്‍ത്ഥികള്‍, കാഴ്ചക്കാര്‍, പുതിയ മത്സര വിഭാഗങ്ങള്‍…സ്പാര്‍ട്ടന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചാമ്പ്യന്‍ഷിപ്പിന് സവിശേഷതകള്‍ ഏറെയാണ്. മത്സരം പകരുന്ന സാഹസികാനുഭവങ്ങള്‍ പോലെ തന്നെ അതിലൂടെ പൊതുസമൂഹത്തിനോട് പങ്കുവെക്കുന്ന ജീവിതശൈലീ ആരോഗ്യസംരക്ഷണ സന്ദേശങ്ങളും ഏറെ പ്രധാനമാണ്. എല്ലാവരെയും ഈ റേസിന്റെ ഭാഗമാവാന്‍ മെലീഹയിലേക്ക് ക്ഷണിക്കുകയാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍ഷിപ്പ് എലീറ്റ്, ചാംപ്യന്‍ഷിപ് ഏജ് ഗ്രൂപ്, ഓപ്പണ്‍ ഹീറ്റ് എന്നിങ്ങനെ മൂന്നു വിവിധ വിഭാഗങ്ങളിലായാണ് ‘ബീസ്റ്റ്’ മത്സരങ്ങള്‍ നടക്കുക. ഇരുപതു കിലോമീറ്റര്‍ നീളമുള്ള ട്രാക്കും മുപ്പതു പ്രതിബന്ധങ്ങളുമുള്ള ഓപ്പണ്‍ ഹീറ്റാണ് കൂട്ടത്തില്‍ ഏറ്റവും കടുപ്പമേറിയത്.

പൊതുജനങ്ങള്‍ക്ക് കൂടി പങ്കെടുക്കാവുന്ന തരത്തില്‍ പ്രേത്യേക പരിശീലന സെഷനുകളും ശുറൂഖുമായി ചേര്‍ന്ന് സ്പാര്‍ട്ടന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ് ഒരുക്കുന്നുണ്ട്. ഷാര്‍ജ ഫ്‌ലാഗ് ഐലന്‍ഡില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ എട്ടു മുതല്‍ പതിനൊന്നു വരെ നടക്കുന്ന പരിശീലനത്തില്‍ സൗജന്യമായി ആര്‍ക്കും പങ്കെടുക്കാം. വ്യായാമമുറകളും പരിശീലനവും നടക്കും.

ചാമ്പ്യന്‍ഷിപ്പില്‍ റെജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.spartanarabia.com  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.