Festival and Events

പൈതൃക ഗ്രാമം കാണാം.. സർഗാലയത്തിലേക്കു വരൂ…

കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്.

കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ. വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്.

മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകലയും സർഗാലയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങൾ വാങ്ങാം. പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്.

ദേശീയ – അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും.