Hospitality

സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്

പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്.

ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. കുമരകമാണ് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ കുമരകത്തേക്കാള്‍ ശാന്തമായ ചുറ്റുപാടും പണച്ചെലവ് കുറവുമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് റിസോര്‍ട്ട് മാനേജര്‍ ജി. ജയകുമാര്‍ പറയുന്നു.

മൂന്നര ഏക്കറിലായി പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയ 34 ഡബിള്‍ റൂമുകളാണുള്ളത്. 12 മുറികള്‍ വേമ്പനാട്ടുകായലിന് അഭിമുഖമായാണ് തീര്‍ത്തിട്ടുള്ളത്. മറ്റ് 22 മുറികള്‍ ഡീലക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കര്‍ വരുന്ന വിശാലമായ പുല്‍ത്തകിടിയാണ് മറ്റൊരാകര്‍ഷണം.

ജോഗിങ്ങിനായുള്ള നടപ്പാത, കോണ്‍ഫറന്‍സ് ഹാള്‍, പുല്ലുവിരിച്ച മുറ്റം, ബാഡ്മിന്റണ്‍ കോര്‍ട്ട്, റിസോര്‍ട്ടിന് ചുറ്റും സഞ്ചരിക്കാനായി സൈക്കിളുകള്‍, രുചികരമായ വിഭവങ്ങള്‍ക്കായി ഭക്ഷണശാല, ബിയര്‍ പാര്‍ലര്‍ എന്നിവയും ഇവിടെയുണ്ട്. സ്‌പെഷല്‍ വിഭവങ്ങള്‍ മുന്‍കൂട്ടി പറഞ്ഞാല്‍ തയ്യാറാക്കിവെയ്ക്കുകയും ചെയ്യും.

റിസോര്‍ട്ടിനോടു ചേര്‍ന്നുതന്നെയാണ് പ്രശസ്തമായ തണ്ണീര്‍മുക്കം ബണ്ടുള്ളത്. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാനാണ് തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ചത്. 1958-ല്‍ നിര്‍മാണം തുടങ്ങിയ ബണ്ട് 1975-ലാണ് പൂര്‍ത്തിയായത്. വെച്ചൂര്‍ മുതല്‍ തണ്ണീര്‍മുക്കം വരെയാണ് ബണ്ടിന്റെ കിടപ്പ്.

അതിരാവിലെ മുതല്‍ തന്നെ മത്സ്യത്തൊഴിലാളികളുടെ ബഹളമാണിവിടെ. മോട്ടോര്‍ ഘടിപ്പിച്ച ചെറു വള്ളങ്ങള്‍ കായലിന് നടുവില്‍ നിര്‍ത്തി മത്സ്യം പിടിക്കുന്നത് ഇവിടുത്തെ കാഴ്ചകളില്‍ ഒന്നുമാത്രം. നേരം തെളിഞ്ഞുവരുന്നതിനനുസരിച്ച് വേമ്പനാട്ടുകായലിനെ അതിരിടുന്ന പച്ചപ്പുകള്‍ മഞ്ഞിന്റെ മറയില്‍ നിന്ന് പതിയെ പുറത്തുവരും.

റിസോര്‍ട്ടിന് 14 കിലോമീറ്റര്‍ മാത്രം അകലെയാണ് വൈക്കം മഹാദേവ ക്ഷേത്രം. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, സെന്റ് മേരീസ് ഫൊറോനാ പള്ളി, രവി കരുണാകരന്‍ മ്യൂസിയം, പാതിരാമണല്‍ കുമരകം തുടങ്ങിയവയാണ് സമീപത്തുള്ള മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍.

 

68 കിലോമീറ്റര്‍ അടുത്ത് തന്നെ നെടുമ്പാശ്ശേരി വിമാനത്താവളമുണ്ട്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 26 കിലോമീറ്ററും ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 12.1 കിലോമീറ്ററുമാണ് റിസോര്‍ട്ടിലേക്കുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ മികച്ച സേവനമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നത്.