News

ബെംഗളൂരു-ഊട്ടി ബദല്‍ പാതയിലൂടെ സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് ഊട്ടിയിലേക്കു ബദല്‍ പാതയിലൂടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി. തമിഴ്‌നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക പുതിയ റൂട്ട് നിര്‍ദേശിച്ചത്.ബെംഗളൂരുവില്‍ നിന്ന് കൃഷ്ണഗിരി-തൊപ്പൂര്‍- അന്തിയൂര്‍- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റര്‍ ദൂരം 7 മണിക്കൂര്‍ കൊണ്ട് എത്താം.


നിലവില്‍ മണ്ഡ്യ- മൈസൂരു-ഗുണ്ടല്‍പേട്ട്,-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴിയാണ് കര്‍ണാടകയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ബെംഗളൂരുവില്‍ നിന്ന് ഊട്ടി സര്‍വീസുകള്‍ നടത്തുന്നത്. 310 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് എത്തുന്നത്.ബദല്‍ പാതയില്‍ ദൂരം കൂടുതലാണെങ്കിലും ചുരം റോഡില്ലാത്തതിനാല്‍ യാത്രാസമയം കുറയും.

ബന്ദിപ്പൂര്‍ വനത്തില്‍ രാത്രി യാത്ര നിരോധനം നിലവിലുള്ള സാഹചര്യത്തിലാണു ബദല്‍ പാത നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സി.ശിവയോഗി പറഞ്ഞു.ഗൂഡല്ലൂരില്‍ നിന്നുള്ള വീതികുറഞ്ഞ ചുരം പാതയിലൂടെ യാത്ര പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുമുണ്ട്.