Kerala

വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ ക്രൂസ് ടൂറിസം

സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്.

പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ രീതിയില്‍ മാത്രം 75 കോടി രൂപയുടെ വിദേശ പണം ടൂറിസം മേഖലയിലേക്ക് എത്തിയെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ സഞ്ചാരികളുടെ എണ്ണം 80000 കടക്കുമെന്നാണ് പ്രതീക്ഷ.

ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളും പോര്‍ട്ട് ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തദ്ദേശീയരായ ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ സ്റ്റാളുകള്‍ തുടങ്ങി മൂന്നാര്‍, തേക്കടി, ജഡായുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സര്‍വീസ് വരെ പരിഗണനയിലുമുണ്ട്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ വരുന്ന ഡിസംബറില്‍ തയ്യാറാകുന്നതോടെ കൂടുതല്‍ ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നലെ സംപ്രേക്ഷണം ചെയ്ത വിനോദമില്ലാത്ത സഞ്ചാരത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്