Middle East

ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

Dubai Airport

ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചുമാണ് എമിറേറ്റ്സ് 45 ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നുണ്ട്. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്.

ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ചില സര്‍വീസുകള്‍ നിര്‍ത്താനോ ചിലത് സമയംമാറ്റാനോ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം വരുന്ന ജൂണ്‍മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍.

ബോസ്റ്റണ്‍, ഗ്ലാസ്ഗോ എന്നിവിടങ്ങളിലേക്ക് എയര്‍ബസുകളായിരിക്കും ജൂണ്‍ മുതല്‍ സര്‍വീസ് നടത്തുന്നത്. 2019-20 വര്‍ഷത്തില്‍ പുതിയ ആറ് എയര്‍ബസ് എ 380 വിമാനങ്ങള്‍ എമിറേറ്റ്സിന്റെ വിമാനങ്ങളുടെ നിരയിലെത്തും. കാലാവധി കഴിഞ്ഞ ഏതാനും ബോയിംഗ് 777 വിമാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്യും.