Kerala

ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും

ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി.

എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും.

ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം.

സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം.

കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്‌സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.