India

ഊട്ടിയില്‍ അതിശൈത്യം; കനത്ത മഞ്ഞ് വീഴ്ച

ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ.

ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു.

വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലും താഴേക്കു പോകുമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ച കൃഷിയെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ ചെടികള്‍ മഞ്ഞുവീഴ്ചയ്ക്കു ശേഷം പകലുണ്ടാകുന്ന കനത്ത വെയിലില്‍ കരിഞ്ഞു തുടങ്ങിയതു കര്‍ഷകരെ പ്രതിസന്ധിയിലാക്കിത്തുടങ്ങി.

നവംബര്‍ 27 മുതല്‍ 4 ദിവസം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പിന്നീടു ക്രിസ്മസ് വരെ കാര്യമായ മഞ്ഞുവീഴ്ചയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലിരിക്കുകയാണ് ഊട്ടി.