Middle East

ഗിന്നസ് റെക്കോഡില്‍ കയറി റാസല്‍ഖൈമയിലെ വെടിക്കെട്ട്

പുതുവര്‍ഷപ്പുലരിയുടെ വരവറിയിച്ച് റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ടില്‍ രണ്ട് ഗിന്നസ് റെക്കോഡുകളാണ് പിറന്നത്.ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. സായിദ് വര്‍ഷാചരണത്തിന്റെ സമാപനംകുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച് 4.6 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ വെടിക്കെട്ടില്‍റാക് ടൂറിസത്തിന്റെ വികസനത്തിനായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതുവര്‍ഷപ്പുലരിയില്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്.

അല്‍ മര്‍ജാന്‍ ദ്വീപില്‍ മൊത്തം പതിമൂന്ന് കിലോമീറ്റര്‍ പരിധിയിലായിരുന്നു പരിപാടി ഒരുക്കിയത്. ഇതാകട്ടെ 13 മിനിറ്റും ഇരുപത് സെക്കന്‍ഡും നീണ്ടു. യു.എ.ഇ.യില്‍ തിങ്കളാഴ്ച നടന്ന ഏറ്റവുംവലിയ വെടിക്കെട്ടാണ് റാസല്‍ഖൈമയില്‍ അരങ്ങേറിയത്.

11,284 ഉപകരണങ്ങള്‍ ഉപയോഗിച്ച് റാക് ടൂറിസം നടത്തിയ ലോങ്ങസ്റ്റ് ചെയിന്‍ ഓഫ് ഫയര്‍ വര്‍ക്‌സ് എന്ന് പേരിട്ട വെടിക്കെട്ട് 2014-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിക്കെട്ടിനെയാണ് മറികടന്നത്. അല്‍ മര്‍ജാന്‍ ദ്വീപിലെ 52 കേന്ദ്രങ്ങളിലായാണ് ഇവ ഒരുക്കിയത്. ലോക പ്രശസ്തമായ 12 സംഗീതപരിപാടികളുടെ അകമ്പടിയോടെ 4.6 കി.മീറ്റര്‍ നീളത്തിലായാണ് ആദ്യ ഗിന്നസ് റെക്കോഡിനായി വെടിക്കെട്ട് ഒരുക്കിയത്. ഇത് നാല്‍പ്പത് സെക്കന്‍ഡ് നീണ്ടുനിന്നു.

നീളമേറിയ സ്ട്രെയിറ്റ് ലൈന്‍ ഓഫ് ഫയര്‍വര്‍ക്‌സ് എന്ന പേരില്‍ നേടിയ ഗിന്നസ് റെക്കോഡ് നേരത്തെ ഉണ്ടായിരുന്ന 11.38 കിലോമീറ്ററിന്റെ റെക്കോഡ് മറികടന്നു. പുതിയ റെക്കോഡിനായി റാസല്‍ഖൈമ സൃഷ്ടിച്ചത് 13 കിലോമീറ്ററാണ്. 12.06 മിനിറ്റാണ് ഇത് നീണ്ടത്.