Kerala

നെയ്യാര്‍ ഡാമിനുള്ളില്‍ പുതിയ പാലം തുറക്കുന്നു

നെയ്യാര്‍ ഡാമിന് സമാന്തരമായി പണിയുന്ന പുതിയ പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായി. അലങ്കാരപണികളോടെ പൂര്‍ത്തിയാക്കിയ പാലം അടുത്തമാസം തുറക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലം യാഥാര്‍ത്യം ആകുന്നതോടെ പന്ത, അന്തൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാക്കും.

നിലവിലെ ചെറിയ പാലത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബലക്ഷയം നേരിട്ടതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെവന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യത്തിന് ശക്തി കൂടിയത്.

2015-ല്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു. 9.75 കോടിയായിരുന്നു നിര്‍മാണച്ചെലവ്. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കേബിള്‍ സ്‌ട്രെസ്സിങ് നടത്തുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിനീങ്ങി. മൂന്ന് ബീമുകളില്‍ ഒന്നാണ് അടര്‍ന്നുമാറിയത്. ഇതോടെ പൊട്ടിയ ബീം മാറ്റി പണിയുന്നതുള്‍പ്പെടെ ഇപ്പോള്‍ ചെലവ് 17 കോടിയോളമായിട്ടുണ്ട്. ഇതോടൊപ്പം അണക്കെട്ടിന്റെ സുരക്ഷ പരിഗണിച്ച് വാഹനങ്ങള്‍ ഡാമിനുള്ളില്‍ പ്രവേശിക്കാതെ പോകാനായി പുതിയ അപ്രോച്ച് റോഡും പൂര്‍ത്തിയായി.

ഇടവിട്ട് പെയ്യുന്ന മഴയാണ് ഇതിന്റെ ടാറിങ് വൈകിക്കുന്നത്. പുതിയ പാലം തുറക്കുന്നതോടെ ബസ് സര്‍വീസ് ഉള്‍പ്പെടെ പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതോടെ പന്തയിലേക്കും അമ്പൂരിയിലേക്കുമുള്ള യാത്രാദൂരവും കുറയും. കണ്ടംതിട്ടമുതല്‍ പന്ത ദൈവപ്പുരവരെയുള്ള റോഡ് മൂന്നുകോടി ചെലവിട്ട് റബറൈസ് ചെയ്യുന്നതിന്റെ ഒന്നാം ഘട്ടവും പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം 16-ന് നടക്കുമെന്ന് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.